പത്തനംതിട്ട : ഡോ.എം എസ് സുനിൽ ഭവനരഹിതരായ ആലംബഹീനർക്ക് പണിത് നൽകുന്ന 207ാത്തെ സ്നേഹ ഭവനം താമരക്കുടി, ഇരവിക്കോഡ്, ആതിര നിവാസിൽ കൊച്ചു ചെറുക്കനും കുടുംബത്തിനും വിദേശ മലയാളികളായ ലീന ഗ്രിഗറിയുടെയും ഡോ. ഗ്രിഗറിയുടെയും സഹായത്താൽ നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽ ദാനം ധനകാര്യവകുപ്പ് മന്ത്രി കെ. എൻ.ബാലഗോപാൽ നിർവഹിച്ചു.
വർഷങ്ങളായി സ്വന്തമായി വീടില്ലാതെ 5 സെന്റ് ഭൂമിയിൽ രണ്ടു പെൺകുട്ടികളും ഭാര്യയുമായി പൊളിഞ്ഞുവീഴാറായ ഒരു ചെറിയ ഓലമേഞ്ഞ മൺകുടിലിലായിരുന്നു കൊച്ചു ചെറുക്കൻ താമസിച്ചിരുന്നത്. രണ്ടു പെൺകുട്ടികളും ബിരുദാനന്തര ബിരുദവും ബിഎഡും കഴിഞ്ഞവരാണ്. മൂത്ത പെൺകുട്ടി രണ്ടു വിഷയങ്ങളിൽ ബിരുദാനന്തരബിരുദം നേടുകയും നെറ്റ് പാസ് ആവുകയും ചെയ്തു. തകർന്നു വീഴാറായ കുടിലിൽ വെളിച്ചം പോലുമില്ലാതെ മണ്ണെണ്ണ വിളക്കിന്റെ നുറുങ്ങു വെട്ടത്തിലാണ് ഇവർ ഉന്നതമായ വിജയം നേടിയത്.
ഇവരുടെ ദയനീയാവസ്ഥ ജോസ് പ്രസാദ് എന്നയാളാണ് ടീച്ചറിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. അങ്ങനെയാണ് ലീനയുടെ സഹായത്താൽ രണ്ടു മുറികളും ഹാളും, അടുക്കളയും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് നിർമ്മിച്ചു നൽകിയത്. ചടങ്ങിൽ വാർഡ് മെമ്പർ മാർഗ്രറ്റ് ജോൺസൺ., കെ. പി. ജയലാൽ., ആർ.മധു., ജോസ് പ്രസാദ് എന്നിവർ പങ്കെടുത്തു.