തൃശൂര്‍ : സൂപ്പര്‍മാര്‍ക്കറ്റ് കുത്തിത്തുറന്ന് പുതിയ വീടിന്റെ ഗൃഹപ്രവേശത്തിനു വേണ്ട വീട്ടുസാധനങ്ങള്‍ മോഷ്ടിച്ച മൂന്നംഗ സംഘം അറസ്റ്റില്‍. കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി ആരിഫ് (37), പെരിഞ്ഞനം സ്വദേശി വിജീഷ് (32), പറവൂര്‍ നീണ്ടൂര്‍ കൊണ്ടോളിപ്പറമ്പില്‍ അരുണ്‍ കുമാര്‍ (35) എന്നിവരെയാണു സിറ്റി നിഴല്‍ പോലീസും ഈസ്റ്റ് പോലീസും ചേര്‍ന്നു പിടികൂടിയത്. അരുണ്‍കുമാറിന്റെ പുതിയ വാടകവീട്ടിലേക്കു വേണ്ട സാധനങ്ങള്‍ പറവട്ടാനിയിലെ കുക്കൂസ് ട്രേഡേഴ്‌സ് എന്ന സൂപ്പര്‍മാര്‍ക്കറ്റ് കുത്തിത്തുറന്നു മൂവര്‍ സംഘം മോഷ്ടിക്കുക ആയിരുന്നു.
ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതികളാണു മൂവരും. കഴിഞ്ഞ ഒന്നിന് അര്‍ധരാത്രിയായിരുന്നു സംഭവം. ഒരു പുതിയ വീട്ടിലേക്കു വേണ്ട സാധനങ്ങള്‍ മൊത്തത്തില്‍ തിരഞ്ഞെടുത്താണു മോഷ്ടിച്ചതെന്നു പോലീസ് തിരിച്ചറിഞ്ഞതാണു നിര്‍ണായകമായത്. നഗരത്തില്‍ പുതുതായി വാടകവീടുകള്‍ എടുത്തവരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവില്‍ വിയ്യൂരിനു സമീപത്തൊരാള്‍ വാടകവീട് എടുത്തെന്ന വിവരം കണ്ടെത്തി.
തുടര്‍ന്ന് ഈ വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ മോഷണസാധനങ്ങളും വില്‍പനയ്ക്കായി എത്തിച്ച കഞ്ചാവും കണ്ടെത്തി. തുടര്‍ന്നാണ് അറസ്റ്റ്. പ്രതികള്‍ക്കെതിരെ തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളില്‍ ക്ഷേത്രക്കവര്‍ച്ച അടക്കം ഒട്ടേറെ കേസുകളുണ്ട്. ഈസ്റ്റ് എസ്‌എച്ച്‌ഒ പി.ലാല്‍കുമാര്‍, എസ്‌ഐ എ.ആര്‍ നിഖില്‍, നിഴല്‍ പോലീസ് എസ്‌ഐമാരായ എന്‍.ജി സുവൃതകുമാര്‍, പി.എം റാഫി, കെ.ഗോപാലകൃഷ്ണന്‍, പി.രാഗേഷ് എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.