കാസര്‍കോട് : സപ്ലൈകോ മാനേജര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കാസര്‍കോട് നഗരത്തിലെ സപ്ലൈകോ ഔട്ട്‍ലെറ്റും ഓണചന്തയും അടച്ചുപൂട്ടി. ഓണമാഘോഷിക്കാന്‍ വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാക്കുന്ന സപ്ലൈകോ ഔട്ട്‍ലെറ്റും ഓണച്ചന്തയും അടച്ചുപൂട്ടിയതോടെ സാധാരണക്കാര്‍ പ്രയാസത്തിലായി. നഗരം കേന്ദ്രീകരിച്ച് കൂടുതല്‍ ഓണചന്തകള്‍ തുടങ്ങണമെന്ന് ആവശ്യം ശക്തമായിരിക്കുകയാണ്.
കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് സമീപത്തുള്ള സപ്ലൈകോ ഔട്ട്‍ലെറ്റിലെ മാനേജര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഈ ഔട്ട്‍ലെറ്റ് പൂട്ടി 11 ജീവനക്കാരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശിച്ചു. കൂടാതെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപത്ത് ആരംഭിച്ച ഓണചന്തയുടെ ചുമതല കോവിഡ് സ്ഥിരീകരിച്ച മാനേജര്‍ക്കായിരുന്നു. ഇത് കാരണം ഈ ഓണ ചന്തയും അടച്ചുപൂട്ടി. ഇവിടെ ജോലി ചെയ്തിരുന്ന 6 ജീവനക്കാരും നിരീക്ഷണത്തില്‍ പോയി. പുതിയ ബസ് സ്റ്റാന്‍റിലുള്ള ഒരു സപ്ലൈകോ ഔട്ട്‍ലെറ്റ് മാത്രമാണ് ഇപ്പോള്‍ നഗരത്തിലുള്ളത്.