പത്തനംതിട്ട : കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ കിറ്റുകളുടെ പാക്കിംഗ് ജില്ലയില്‍ അവസാന ഘട്ടത്തിലേക്ക്. താലൂക്ക് അടിസ്ഥാനത്തിലാണ് പാക്കിംഗ് നടക്കുന്നത്.
മൈലപ്ര ജില്ലാ ഡിപ്പോയ്ക്ക് സമീപമുള്ള സ്പെഷല്‍ പാക്കിംഗ് സെന്ററില്‍ കിറ്റ് വിതരണത്തിനുള്ള പാക്കിംഗ് 75 ശതമാനം പൂര്‍ത്തിയായെന്ന് സപ്ലൈക്കോ പത്തനംതിട്ട ജില്ലാ ഡിപ്പോ മാനേജര്‍ മോഹന്‍കുമാര്‍ പറഞ്ഞു. കോഴഞ്ചേരി, കോന്നി താലൂക്കുകളിലേക്കുള്ള കിറ്റുകളുടെ പാക്കിങ്ങാണ് ഇവിടെ നടക്കുന്നത്. ക്വാറന്റൈന്‍ ചെയ്യപ്പെട്ടിരിക്കുന്ന കുടുംബങ്ങള്‍ക്കും എ.എ.വൈ വിഭാഗത്തിലുള്ളവര്‍ക്കുമുള്ള കിറ്റ് വിതരണമാണ് ആദ്യഘട്ടമായി നടക്കുന്നത്. ക്വാറന്റൈന്‍ ചെയ്യപ്പെട്ടിരിക്കുന്ന കുടുംബങ്ങള്‍ക്കുള്ള കിറ്റിന്റെ 70 ശതമാനവും എ.എ.വൈ. വിഭാഗത്തിലുള്ള കുടുംബങ്ങള്‍ക്കുള്ള 75 ശതമാനവും പാക്കിംഗ് പൂര്‍ത്തിയായി. മൂന്നുദിവസത്തിനകം വിതരണം ആരംഭിക്കാന്‍ കഴിയും.
ഇതുപോലെ പത്തനംതിട്ട ഡിപ്പോയുടെ കീഴിലുള്ള 22 വില്‍പനശാലകളില്‍ പാക്കിംഗ് നടക്കുന്നുണ്ട്. എല്ലാ വില്‍പനശാലകളിലേയും പാക്കിംഗുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി കിറ്റ് വിതരണം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. 20 വോളണ്ടിയേഴ്സും പാക്കിംഗ് ചെയ്ത് പരിചയമുള്ളവരും ചേര്‍ന്നാണ് കിറ്റ് നിറയ്ക്കുന്നത്. ഓണച്ചന്തകളിലും മറ്റുമുള്ള സ്ഥിരസംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ സേവനവും പാക്കിംഗിനുണ്ട്. 22 വില്‍പനശാലകളിലും ഇതേപോലെ 20 വോളണ്ടിയര്‍മാരുടെ വീതം സേവനമുണ്ട്. എ.എ.വൈ കുടുംബങ്ങള്‍ക്കുള്ള കിറ്റുകള്‍ അതത് റേഷന്‍കടകളിലും ക്വാറന്റൈന്‍ കുടുംബങ്ങള്‍ക്കുള്ള കിറ്റുകള്‍ അതത് പഞ്ചായത്ത് സെക്രട്ടിമാര്‍ വഴിയും വിതരണംചെയ്യും. ഇതിനോടകം ഓമല്ലൂര്‍, കോന്നി പഞ്ചായത്തുകളിലെ ക്വാറന്റൈന്‍ കുടുംബങ്ങള്‍ക്കുള്ള കിറ്റുകള്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് വിതരണം ചെയ്തു. എ.എ.വൈ കുടുംബങ്ങള്‍ക്കുള്ള കിറ്റ് വിതരണം മൂന്നുദിവസത്തിനകം ഉണ്ടാകുമെന്ന് സപ്ലൈക്കോ ജില്ലാ ഡിപ്പോ മാനേജര്‍ മോഹന്‍കുമാര്‍ അറിയിച്ചു.