തിരുവനന്തപുരം: സപ്ലൈകോ വിഷു-ഈസ്റ്റർ ഫെയർ ഇന്ന് മുതൽ. എല്ലാ താലൂക്കിലേയും പ്രധാന വിൽപ്പന ശാല സപ്ലൈകോയിലാവും ഫെയർ സംഘടിപ്പിക്കുക. ഏപ്രിൽ 14 വിഷു, ഏപ്രിൽ 18 ദുഃഖ വെള്ളി ദിവസങ്ങളിലൊഴിച്ച് ബാക്കി എല്ലാ ദിവസവും ഫെയർ പ്രവർത്തിക്കും. ഇന്ന് മുതൽ 19 വരെയാണ് വിഷു-ഈസ്റ്റർ ഫെയർ നടക്കുക. സബ്‌സിഡി സാധനങ്ങൾക്ക് പുറമേ, തെരഞ്ഞെടുത്ത ബ്രാൻഡഡ് അവശ്യ ഉൽപ്പന്നങ്ങൾക്കും, സപ്ലൈകോയുടെ സ്വന്തം ബ്രാൻഡ് ആയ ശബരി ഉൽപ്പന്നങ്ങൾക്കും വിലക്കുറവും ഓഫറുകളും വിഷു – ഈസ്റ്ററിനോട് അനുബന്ധിച്ച് നൽകുന്നുണ്ട്. വിഷു-ഈസ്റ്റർ ഫെയറിന്റെ സംസ്ഥാന തല ഉദ്ഘാടനം ഏപ്രിൽ 10 വൈകിട്ട് 5.30 ന് തിരുവനന്തപുരം പഴവങ്ങാടി പീപ്പൾസ് ബസാറിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും.
ആന്റണി രാജു എംഎൽഎ അധ്യക്ഷനാവും. ഡെപ്യൂട്ടി മെയൽ, കൗൺസലിൽ ,സപ്ലൈകോ ചെർമാൻ, മനേജിങ് ഡയറക്ടർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടുത്തി കൺസ്യുമർ ഫെഡിന്റെ വിഷു ഈസ്റ്റർ സഹകരണ വിപണി ഏപ്രിൽ 12 മുതൽ 21 വരെ. ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവര പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിവക്കാണ് സബ്‌സിഡി ലഭിക്കുക. പൊതു വിപണിയിൽ 1605 രൂപയിലധികം വില വരുന്ന സാധനങ്ങൾ 1136 രൂപയ്ക്കാണ് കൺസ്യുമർ ഫെഡ് വഴി ലഭ്യമാക്കുന്നത്. 40 ശതമാനത്തോളം വില കിഴിവാണ് ഓരോ ഉപഭോക്താവിനും ലഭ്യമാകുന്നത്.