ന്യൂഡല്‍ഹി : തീവ്ര ഹിന്ദുത്വവാദികൾ അവകാശവാദം ഉന്നയിക്കുന്ന ഡൽഹിക്കടുത്തുള്ള യു.പി നഗരമായ മഥുരയിലെ ഷാഹി ഈദ് ഗാഹ് മസ്ജിദിൽ സർവേ നടത്തുന്നതിനുള്ള സ്റ്റേ വീണ്ടും നീട്ടി സുപ്രീം കോടതി. 2023 ഡിസംബർ 14നാണ് അലഹബാദ് ഹൈക്കോടതി പള്ളിയിൽ സർവേയ്ക്ക് ഉത്തരവിട്ടത്. മസ്‌ജിദിൽ അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയ ഹിന്ദുത്വ സംഘടന കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതി സർവേക്ക് അനുമതി നൽകിയത്. അതിനെതിരെ മസ്‌ജിദ് കമ്മിറ്റി നൽകിയ ഹർജി പരിഗണിച്ചാണ് ഹൈകോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്‌തത്. ഈ വിധിയാണിപ്പോൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നീട്ടിയത്.
ഹർജികൾ ഏപ്രിൽ ഒന്നിന് വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. ഈദ്ഗാഹ് മസ്ജിദിൽ ഹിന്ദു ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നും അതിൽ പൂജ നടത്താൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടന രംഗത്തുവന്നതോടെയാണ് മുഗൾ രാജാക്കൻമാരുടെ കാലത്ത് നിർമിച്ച മഥുര ഷാഹി ഈദ് ഗാഹ് മസ്ജിദ് വിവാദത്തിലായത്. നേരത്തെ കാശി വിശ്വനാഥ ക്ഷേത്രത്തിനോടുചേർന്നുള്ള ഗ്യാൻവാപി പള്ളി സമുച്ചയത്തിൽ അഭിഭാഷകസംഘം നടത്തിയ സർവേയുടെ അതേമാതൃകയിലുള്ള സർവേ ആയിരിക്കും ഷാഹി ഈദ്ഗാഹ് മസ്‌ജിദിലും നടക്കുക. മഥുരയിലെ ശ്രീകൃഷ്‌ജന്മഭൂമി ക്ഷേത്രത്തോടുചേർന്നാണ് ഷാഹി ഈദ്ഗാഹ് മസ്ജിദ് നിലകൊള്ളുന്നത്. 13.37 ഏക്കർ വരുന്ന ശ്രീകൃഷ്‌ണജന്മഭൂമിയിലെ കത്ര കേശവദേവ് ക്ഷേത്രം തകർത്താണ് മുഗൾ ചക്രവർത്തി ഔറംഗസേബ് 166970 കാലത്ത് മസ്ജിദ് പണിഞ്ഞതെന്നാണ് ഹൈന്ദവ വിഭാഗത്തിന്റെ വാദം. പള്ളിസമുച്ചയം പൊളിച്ച് അവിടെ തങ്ങൾക്ക് ആരാധന നടത്താൻ അവസരം നൽകണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു.