ന്യൂഡല്‍ഹി : സനാതന ധർമ വിവാദവുമായി ബന്ധപ്പെട്ട് ഡിഎംകെ നേതാവും തമിഴ്‌നാട് ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ ക്രിമിനൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ മൂന്ന് റിട്ട് പെറ്റീഷനുകൾ സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ പ്രസന്ന ബി വരൽ, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. ഭരണഘടനാ അനുച്ഛേദം 32 പ്രകാരം റിട്ട് പെറ്റീഷൻ നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു. തമിഴ്‌നാട്ടിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും സനാതന ധർമം തൊട്ടുകൂടായ്മയും ജാതി വിവേചനവും പ്രോത്സാഹിപ്പിക്കുന്നതായാണ് കാണപ്പെടുന്നതെന്ന് ഉദയനിധിക്കായി ഹാജരായ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
ഹിന്ദുമത വികാരം വ്രണപ്പെടുത്താൻ ഉദയനിധി പ്രസംഗത്തിനിടെ ഉദ്ദേശിച്ചില്ലെന്നും അഭിഭാഷകൻ വിശദീകരിച്ചു. 2023 സെപ്റ്റംബറിലാണ് സനാതന ധർമം സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണെന്നും മലേറിയയും ഡെങ്കിയും പോലെ തുടച്ചുനീക്കണമെന്നുമാണ് പൊതുപരിപാടിക്കിടെ ഉദയനിധി പ്രസംഗിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഉദയനിധിക്കെതിരെ നിരവധി പോലിസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ഫോറം സംഘടിപ്പിച്ച സനാതനധർമ അബോളിഷൻ കോൺക്ലേവിൽ സംസാരിക്കുന്നതിനിടെയായിരുന്നു ഉദയനിധിയുടെ പ്രതികരണം. സംഭവം വിവാദമായതോടെ നിരവധി പേരാണ് തമിഴ്‌നാടിന്റെ ഭാവി മുഖ്യമന്ത്രിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്.