ന്യൂഡല്‍ഹി : സുപ്രീംകോടതി ജഡ്ജിമാരായി കൊളീജിയം ശിപാര്‍ശ ചെയ്ത ഒന്‍പത് പേരുകളും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. മൂന്ന് വനിതകള്‍ ഉള്‍പ്പടെ ഒന്‍പത് പേരെയാണ് സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ കൊളീജിയം ശിപാര്‍ശ ചെയ്തത്. പേരുകള്‍ രാഷ്ട്രപതി കൂടി അംഗീകരിക്കുന്നതോടെ ജഡ്ജിമാര്‍ സ്ഥാനമേല്‍ക്കും.പരമാവധി 34 ജഡ്ജിമാരാണ് സുപ്രീംകോടതിയിലുണ്ടാവുക. ഒന്‍പത് പേര്‍ പുതിയതായി എത്തുന്നതോടെ ഒരു ഒഴിവ് മാത്രമാണ് അവശേഷിക്കുക.
വനിതാ ജഡ്ജിമാരില്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജി ബിവി നാഗരത്ന 2027ല്‍ ആദ്യ വനിത ചീഫ് ജസ്റ്റിസാകാനുള്ള സാധ്യത നിലനില്‍ക്കുന്നു. തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബേലാ ത്രിവേദി എന്നിവരാണ് മറ്റ് രണ്ട് വനിതാ ജഡ്ജിമാര്‍. സീനിയോറിറ്റിയില്‍ ഒന്നാമനായ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ഓക പട്ടികയില്‍ ഒന്നാം പേരുകാരനായി വിജ്ഞാപനത്തില്‍ ഇടംപിടിച്ചു.
ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രം നാഥ്, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെകെ മഹേശ്വരി, മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് എം.എം സുന്ദരേഷ് എന്നിവരും സുപ്രീംകോടതി ജഡ്ജിമാരാകും. അഭിഭാഷകരില്‍ നിന്ന് മുന്‍ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ് നരസിംഹയും പട്ടികയില്‍ ഉണ്ട്. സീനിയോറിറ്റി പ്രകാരം സുപ്രീംകോടതി ജഡ്ജിയാകേണ്ട തൃപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഖിൽ ഖുറേഷിയെ കൊളീജിയം ഇത്തവണയും പരിഗണിച്ചിരുന്നില്ല.