ന്യൂഡൽഹി: മണിപ്പൂരിലെ കലാപബാധിതർ താമസിക്കുന്ന ക്യാമ്പുകൾ സന്ദർശിക്കുന്ന സുപ്രീംകോടതി ജഡ്ജിമാരുടെ സംഘത്തിലെ അംഗം ജസ്റ്റിസ് എൻ. കോടീശ്വർ സിങ്, കുക്കി ഭൂരിപക്ഷ മേഖലയായ ചുരാചന്ദ്പൂർ സന്ദർശിക്കില്ല. മെയ്തി വിഭാഗത്തിൽപ്പെട്ട ജസ്റ്റിസ് എൻ.കെ. സിങ് കുക്കി ഭൂരിപക്ഷ മേഖലയായ ചുരാചന്ദ്പൂർ സന്ദർശിച്ചാൽ ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ജസ്റ്റിസ് എൻ.കെ.സിങ് കുക്കി ഭൂരിപക്ഷമേഖല സന്ദർശിക്കില്ലെന്ന കാര്യം ചുരാചന്ദ്പൂർ ജില്ലാ ബാർ അസോസിയേഷൻ സ്ഥിരീകരിച്ചു. ജഡ്ജിമാരുടെ സന്ദർശനം സംബന്ധിച്ച് മണിപ്പൂർ സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി പുറത്തിറക്കിയ ആദ്യ അറിയിപ്പ് പ്രകാരം ജസ്റ്റിസ് എൻ.കെ.സിങും ചുരാചന്ദ്പൂരിലെ ക്യാമ്പ് സന്ദർശിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്നലെ പുറത്തിറക്കിയ പുതിയ അറിയിപ്പിൽ ചുരാചന്ദ്പൂർ സന്ദർശിക്കുന്ന ജഡ്ജിമാരുടെ പട്ടികയിൽ നിന്ന് സിങ്ങിന്റെ പേര് ഒഴിവാക്കി. സമാധാനം ഉറപ്പ് വരുത്തുന്നതിനാണ് ജസ്റ്റിസ് സിങ് ചുരാചന്ദ്പൂർ ജില്ലയിൽ പ്രവേശിക്കാത്തത് എന്നാണ് ജില്ലാ ബാർ അസോസിയേഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്.
മണിപ്പൂരിൽനിന്ന് സുപ്രീംകോടതിയിലുള്ള ഏക ജഡ്ജിയാണ് എൻ. കോടീശ്വർ സിങ്. കുക്കികൾ താമസിക്കുന്ന ചുരാചന്ദ്പൂറിലേ ക്യാമ്പ് സദർശിക്കാനുള്ള താത്പര്യം ജസ്റ്റിസ് സിങ് അറിയിച്ചിരുന്നു. അവരുടെ പ്രശ്‌നങ്ങൾ നേരിട്ട് കേൾക്കാൻ താത്പര്യം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ ക്രമസമാധാന പ്രശനങ്ങൾ ഉണ്ടാകുമെന്ന ആശങ്കയെ തുടർന്നാണ് ജസ്റ്റിസ് സിങ് ചുരാചന്ദ്പൂർ സന്ദർശനം ഒഴിവാക്കിയത് എന്നാണ് സൂചന. ജസ്റ്റിസ് ബി.ആർ. ഗവായിയുടെ നേതൃത്വത്തിലുള്ള ജഡ്ജിമാരുടെ സംഘമാണ് മണിപ്പൂർ സന്ദർശിക്കുന്നത്. ജസ്റ്റിസ് ബി.ആർ. ഗവായിക്ക് പുറമെ, ജസ്റ്റിസ് മാരായ സൂര്യ കാന്ത്, വിക്രം നാഥ്, എം.എം. സുന്ദരേഷ്, എൻ.കെ.സിങ് എന്നിവരാണ് മണിപ്പൂർ സന്ദർശിക്കുന്നത്. കലാപത്തെ തുടർന്ന് ക്യാമ്പുകളിൽ കഴിയുന്നവരുമായി സംഘം കൂടിക്കാഴ്ച നടത്തും. കലാപബാധിതർക്ക് നിയമസഹായവും, മാനുഷിക സഹായവും ലഭ്യമാക്കുന്നതിനെ സംബന്ധിച്ചുള്ള ചർച്ചയും ഈ സംഘം നടത്തും. മണിപ്പൂർ ഹൈക്കോടതിയിൽ 12 വർഷം കൂടുമ്പോൾ നടക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായാണ് ജഡ്ജിമാരുടെ സംസ്ഥാന സന്ദർശനം.