ദില്ലി : മണിപ്പൂരിലെ കുക്കി വിഭാഗത്തിൽ പെട്ടവർക്ക് സുരക്ഷ നൽകാൻ സൈന്യത്തോട് നിർദേശിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് മണിപ്പൂർ ട്രൈബൽ ഫോറത്തിന്റെ ആവശ്യം തള്ളിയത്. കഴിഞ്ഞ 72 വർഷത്തിൽ ഒരിക്കൽ പോലും സൈന്യത്തിന് സുപ്രീം കോടതി നിർദേശം നൽകിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. സംഘർഷം രൂക്ഷമാക്കുന്നതിനും വിദ്വേഷം വർദ്ധിപ്പിക്കുന്നതിനുമുള്ള ഒരു നടപടിയും സ്വീകരിക്കരുതെന്ന് മണിപ്പൂരിലെ എല്ലാ വിഭാഗം ജനങ്ങളോടും സുപ്രീം കോടതി ആവശ്യപ്പെട്ടു.
മണിപ്പൂരിന്റെ ക്രമസമാധാന ചുമതല ഏറ്റെടുക്കാൻ കോടതിക്ക് ആകില്ലെന്നും ഇതിന്റെ ചുമതല തെരഞ്ഞെടുക്കപ്പട്ട സർക്കാരിനാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഇന്നലെയും വാക്കാൽ പരാമര്‍ശിച്ചിരുന്നു. സുരക്ഷയിൽ എന്തെങ്കിലും ന്യൂനതയുണ്ടെങ്കിൽ അത് പരിഹരിക്കാൻ കോടതിയിക്ക് ഇടപെടാനാകും. നിലവിലെ വിഷയങ്ങളെ ആളിക്കത്തിക്കാൻ സുപ്രീം കോടതിയെ വേദിയാക്കരുതെന്നും ചീഫ് ജസ്റ്റിസ് നിലപാടെടുത്തു.