ന്യൂഡൽഹി : സുപ്രീംകോടതി വിധി ലംഘിച്ച് ഉത്തർപ്രദേശ് ബുൾഡോസർ രാജുമായി മുന്നോട്ടുപോയാൽ സർക്കാർ ചെലവിൽ അവ പുനർനിർമിപ്പിക്കാൻ നടപടിയെടുക്കുമെന്ന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. അഭിഭാഷകനും പ്രഫസറും അടക്കം അഞ്ചുപേരുടെ വീടുകൾ അവരുടെ ഭാഗം കേൾക്കാൻ സാവകാശം നൽകാതെ ഇടിച്ചുനിരത്തിയ യു.പി സർക്കാർ നടപടി ഞെട്ടിക്കുന്നതും തെറ്റായ സന്ദേശം നൽകുന്നതുമാണെന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഓക, എൻ. കോടീശ്വർ സിങ് എന്നിവരടങ്ങുന്ന ബെഞ്ച് കുറ്റപ്പെടുത്തി.
ഭരണഘടനയുടെ 21ാം അനുച്ഛേദം എന്ന ഒന്നുണ്ടെന്ന് യു.പി സർക്കാറിന് വേണ്ടി ഹാജരായ കേന്ദ്ര സർക്കാറിന്റെ അറ്റോണി ജനറൽ ആർ. വെങ്കിട്ട രമണിയെ ജസ്റ്റിസ് അഭയ് എസ്. ഓക ഓർമിപ്പിച്ചു. ബുൾഡോസർ കൊണ്ട് ഇടിച്ചുനിരത്തുന്നതിനു മുമ്പ് പാലിക്കേണ്ട നടപടിക്രമങ്ങൾ സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെയാണെങ്കിൽ നിങ്ങളുടെ ചെലവിൽതന്നെ ഇടിച്ചുനിരത്തിയ വീടുകൾ പുനർനിർമിക്കാൻ സുപ്രീംകോടതി ഉത്തരവിടും. യു.പി സർക്കാറിന്റെ ചെയ്തിക്ക് അത് മാത്രമാണ് പരിഹാരമെന്നും ജസ്റ്റിസ് അഭയ് എസ്. ഓക പറഞ്ഞു.