ഡൽഹി: വിവാഹ ബന്ധത്തിൽ വീണ്ടെടുക്കാനാവാത്ത വിധം തകർച്ചനേരിട്ടെന്ന് ബോധ്യമായാൽ കാലതാമസമില്ലാതെ സുപ്രീംകോടതിക്ക് ഭരണഘടനയിലെ 142ാം ആർട്ടിക്കിൾ പ്രകാരം വിവാഹമോചനം അനുവദിക്കാമെന്ന് ഭരണഘടനാബെഞ്ചിന്റെ ഉത്തരവ്. അത് ഇതുവരെ നിയമപരമായി അംഗീകരിക്കപ്പെട്ടിരുന്നില്ല. ഇത് പൊതു നയത്തിന്റെ അടിസ്ഥാനതത്ത്വങ്ങൾക്ക് എതിരല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിവാഹത്തിൽ വീണ്ടെടുക്കാനാകാത്ത തകർച്ചകൾ എങ്ങനെയെല്ലാമെന്നതും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, സഞ്ജീണ് ഖന്ന, എ.എസ് ഒക, വിക്രം നാഥ്, ജെ.കെ. മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. സംരക്ഷണം, ജീവനാംശം, കുട്ടികളുടെ അവകാശങ്ങൾ എന്നിവ എങ്ങനെ തുല്യമായി വീതിക്കണം.
പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറുമാസത്തെ നിർബന്ധിത കാത്തിരിപ്പ് കാലയളവ് ആവശ്യമില്ലെന്നും അതേസമയം, ഇത് നിബന്ധനകൾക്ക് വിധേയമാണെന്നും കോടതി വ്യക്തമാക്കി.പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനത്തിന് ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13B പ്രകാരമുള്ള ആറുമാസത്തെ നിർബന്ധിത കാലയളവ് ഒഴിവാക്കണമോ എന്ന കാര്യമാണ് ഭരണഘടനാ ബെഞ്ച് പരിശോധിച്ചത്. അതിൽ വാദം കേൾക്കുന്നതിനിടെയാണ് കൂട്ടിയോജിപ്പിക്കാനാകാത്ത വിധം തകർന്ന ബന്ധങ്ങളിലെ വിവാഹമോചനവും പരിഗണിച്ചത്.കൂട്ടിയോജിപ്പിക്കാനാകാത്ത വിധം തകർന്ന ബന്ധമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടെങ്കിലും കക്ഷികളിൽ ഒരാൾ ഇത് അംഗീകരിക്കുന്നില്ലെങ്കിൽ 142 പ്രകാരമുള്ള അധികാരം പ്രയോഗിക്കാമോ എന്ന് പരിശോധിക്കണമെന്നായിരുന്നു 2022 സെപ്തംബറിൽ കോടതി നിരീക്ഷിച്ചിരുന്നത്.