കുട്ടനാട് : പ്രളയക്കെടുതിയില്‍ കുട്ടനാടിനു കൈത്താങ്ങാകാന്‍ അനുവദിച്ച സുരക്ഷാബോട്ട് തുരുമ്പെടുത്തു നശിക്കുന്നു. 35 ലക്ഷത്തിലേറെ രൂപ വിനിയോഗിച്ച് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിനു വേണ്ടിയാണ് ബോട്ടു നിര്‍മിച്ചത്. എന്നാല്‍, കുട്ടനാടിന്റെ ഭൂപ്രകൃതിക്ക് അനുയോജ്യമായ നിലയിലായിരുന്നില്ല ബോട്ടിന്റെ നിര്‍മാണം.
വെള്ളത്താല്‍ ചുറ്റപ്പെട്ട താലൂക്കിന് കളക്ടറേറ്റില്‍നിന്ന് അനുവദിച്ച ഇരുമ്പുബോട്ടാണ് കുട്ടനാടിന് അനുയോജ്യമല്ലാത്തതിനാല്‍ കാഴ്ചവസ്തുവായി കിടന്ന് തുരുമ്പെടുത്തു നശിക്കുന്നത്. പൂര്‍ണമായും ഇരുമ്പുപയോഗിച്ചു നിര്‍മിച്ച ബോട്ടിന് ഭാരവും വലുപ്പവും കൂടിയതിനാല്‍ നിശ്ചിതസമയത്തിനുള്ളില്‍ ഓടിയെത്തുക അസാധ്യമായി. കൂടാതെ, ഇന്ധനച്ചെലവ് അധികവും. താലൂക്ക് ഓഫീസിനു പിന്നില്‍ തീരത്തു കെട്ടിയിട്ട ബോട്ട് പിന്നീടൊരിക്കല്‍പ്പോലും അഴിച്ചിട്ടില്ലെന്നാണ് പരിസരവാസികള്‍ പറയുന്നത്.