സൂറത്ത് : പതിനൊന്നു വയസ്സുകാരനായ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയെ അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. കുട്ടിയുടെ ട്യൂഷൻ അധ്യാപികയായ 23 വയസ്സുകാരി മാൻസി ആണ് പോലീസ് പിടിയിലായത്. ഏപ്രിൽ 25നാണ് കുട്ടിയെയും അധ്യാപികയെയും കാണാതായത്. മൂന്നു ദിവസത്തെ തിരച്ചിലിനൊടുവിൽ ഗുജറാത്ത്– രാജസ്ഥാൻ അതിർത്തിയായ ഷംലാജിക്ക് സമീപമാണ് ഇരുവരെയും കണ്ടെത്തിയത്. പോലീസ് പറയുന്നതനുസരിച്ച് ഏപ്രിൽ 25ന് കുട്ടിയുമായി മാൻസി സൂറത്തിൽനിന്ന് പുറപ്പെട്ട് അഹമ്മദാബാദിലും തുടർന്ന് വഡോദര വഴി ഡൽഹിയിലും ബസിൽ എത്തി. അവിടെനിന്ന് ഇരുവരും ജയ്പുരിലേക്ക് പോയി.
രണ്ടു രാത്രി ഒരു ഹോട്ടലിൽ താമസിച്ചു. പ്രൈമറി സ്കൂൾ അധ്യാപികയായ മാനസി ട്യൂഷനും പഠിപ്പിക്കുന്നുണ്ട്. പതിനൊന്നു വയസ്സുകാരൻ മൂന്നു വർഷമായി തന്റെയടുത്ത് ട്യൂഷൻ ക്ലാസിനു വരുന്നുണ്ടെന്ന് മാനസി പോലീസിനോട് പറഞ്ഞു. വീട്ടുകാർ തന്നെ വിവാഹത്തിന് നിർബന്ധിച്ചതിനാലാണ് കുട്ടിയുമായി നാടുവിട്ടതെന്നും ഇവർ പറഞ്ഞു. കുട്ടിയുമായി ശാരീരിക ബന്ധമുണ്ടായിരുന്നതായി മാനസി സമ്മതിച്ചതായി ഡപ്യൂട്ടി പോലീസ് കമ്മിഷണർ ഭഗീരഥ് സിങ് ഗാധ്വി പറഞ്ഞു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പോക്സോ നിയമപ്രകാരമാണ് മാൻസിക്കെതിരെ കേസെടുത്തത്.