ഡല്‍ഹി: കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണി വരുത്താന്‍ ബിജെപി നേതൃത്വം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയും നിലവിലുള്ളവരുടെ വകുപ്പുകളില്‍ മാറ്റം വരുത്തിയും സമഗ്രമായ പുനസ്സംഘടനയ്ക്കാണ് ഒരുക്കമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കേരളത്തില്‍നിന്ന് മുന്‍ രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന.
അടുത്ത തിങ്കളാഴ്ച മന്ത്രിസഭയുടെ സമ്പൂര്‍ണ യോഗം വിളിച്ചു ചേര്‍ത്തതോടെയാണ്, പുനസ്സംഘടനാ ചര്‍ച്ചകള്‍ സജീവമായത്. പ്രഗതി മൈതാനില്‍ പുതുതായി പണിത കണ്‍വെന്‍ഷന്‍ സെന്ററിലായിരിക്കും യോഗം. കഴിഞ്ഞ ദിവസം ബിജെപി ഉന്നത നേതൃത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ്, അഴിച്ചു പണി സംബന്ധിച്ച സൂചനകള്‍ പുറത്തുവന്നത്. ആഭ്യന്തരമന്ത്രി അമിത് ഷാ, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.