കടമ്പനാട് : എന്‍.ജി.ഒ അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്‍റും സെറ്റോ ചെയര്‍മാനും ആരോഗ്യവകുപ്പിന്റെ കീഴിലുള്ള കടമ്പനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറുമായ സുരേഷ് കുഴിവേലിയെ സസ്പെന്റ് ചെയ്തതില്‍ പ്രതിഷേധിച്ചുകൊണ്ട് കടമ്പനാട് പഞ്ചായത്ത് ആഫീസിന് മുമ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ധര്‍ണ്ണ നടത്തി.
കടമ്പനാട്, മണ്ണടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ്ണ പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് രാജ് നിയമത്തിലോ ചട്ടത്തിലോ ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിവേലിയെ സസ്പെന്റ് ചെയ്തതെന്ന് ബാബു ജോര്‍ജ്ജ് പറഞ്ഞു.
ജില്ലയിലെ പ്രായം കുറഞ്ഞ വനിതാ പഞ്ചായത്ത് പ്രസിഡന്റ് തന്റെ പദവിക്ക് നിരക്കാത്ത തരത്തില്‍ തരംതാണ ആരോപണങ്ങളുമായിട്ടാണ് രംഗത്തുവന്നിരിക്കുന്നതെന്നും നടപടി തിരുത്തുവാന്‍ തയ്യാറായില്ലെങ്കില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേത്രുത്വത്തില്‍ ശക്തമായ സമരപരിപാടികള്‍ നടത്തുമെന്നും ബാബു ജോര്‍ജ്ജ് പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് മണ്ണടി മോഹന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, കെ.പി.സി.സി മെമ്പര്‍ തോപ്പില്‍ ഗോപകുമാര്‍, ജെ.എസ് അടൂര്‍, പഴകുളം ശിവദാസന്‍, ഏഴംകുളം അജു, എസ്. ബിനു, ബിനു.എസ്.ചക്കാലയില്‍, റജി മാമ്മന്‍, എം.ആര്‍ ജയപ്രസാദ് ജില്ലാ പഞ്ചായത്തഗം സി. കൃഷ്ണകുമാര്‍, ബിജിലി ജോസഫ് യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.