സീതത്തോട് : കക്കാട് ജല വൈദ്യുത പദ്ധതിയുടെ സർജ് ഗേറ്റ് ട്രയൽ റൺ പരിശോധനകൾ തുടരുന്നു. നാളെ മുതൽ മൂഴിയാർ–കക്കാട് പവർ ടണൽ വഴി വെള്ളം തുറന്ന് വിടാനാകുമെന്ന പ്രതീക്ഷയിലാണ് വൈദ്യുതി ബോർഡ് അധികൃതർ. ട്രയൽ റണ്ണിനായി കഴിഞ്ഞ 3നാണ് പദ്ധതി ഷട്ട് ഡൗൺ ചെയ്തത്. വെള്ളിയാഴ്ച ട്രയൽറണ്ണിനായി ഗേറ്റ് താഴ്ത്താൻ തുടങ്ങിയപ്പോൾ വൈദ്യുതി ഡ്രിപ്പാകുന്നതടക്കം സാങ്കേതിക തകരാർ കണ്ടെത്തിയിരുന്നു. റബർ സീൽ മാറ്റുന്നതടക്കമുള്ള ജോലികളാണ് നടക്കുന്നത്. ഇതിനു ശേഷമാകും ഗേറ്റ് ടണലിലേക്ക് ഇറക്കുക. മുൻപ് സർജ്ഗേറ്റ് താഴ്ത്തുമ്പോൾ ബ്രേക്കിനു സംഭവിച്ച പിഴവുകൾ കാരണം അമിത വേഗത്തിൽ താഴേക്കു പതിച്ച് ഗേറ്റിനു തകരാറുകൾ സംഭവിച്ചിരുന്നു. ഗേറ്റിലുള്ള കൂറ്റൻ ഇരുമ്പ് വടം അടക്കം മാറ്റി സ്ഥാപിച്ചിരുന്നു.
ഏതാനും വർഷം മുൻപ് തകരാർ പരിഹരിച്ചിരുന്നെങ്കിലും സർജിനുള്ളിലേക്കു ഗേറ്റ് താഴ്ത്തിയുള്ള പരിശോധനകൾ ഒന്നും നടന്നിരുന്നില്ല. ഇതിനുള്ള അനുമതി കഴിഞ്ഞ ആഴ്ചയാണ് ലഭിക്കുന്നത്. മൂഴിയാറിൽ നിന്നും പവർ ടണൽ വഴി പവർഹൗസിലേക്ക് എത്തുന്ന വെള്ളം അടിയന്തരഘട്ടത്തിൽ തടയേണ്ട സാഹചര്യം വന്നാൽ ടണലിനുള്ളിൽ കിടക്കുന്ന വെള്ളം തുറന്നു വിടാതെ തന്നെ നീരൊഴുക്ക് തടയുന്നതിനാണ് 30 ടൺ ഭാരം വരുന്ന ഗേറ്റിന്റെ ഉപയോഗം. പവർഹൗസ് എത്തുന്നതിനു ഏകദേശം 850 മീറ്റർ പിന്നിലാണ് സർജ് ഗേറ്റിന്റെ ഉപയോഗം. ആവശ്യം ഇല്ലാത്ത ഘട്ടത്തിൽ ഗേറ്റ് ഉയർത്തി വെയ്ക്കുകയാണ് ചെയ്യുന്നത്.