തിരുവനന്തപുരം: അക്വേറിയത്തിലെ മറ്റു മീനുകളുടെ കുത്തേറ്റ് വയറ് പിളര്‍ന്ന മീനിന് അപൂര്‍വ്വ ശസ്ത്രക്രിയ. മൃഗശാലയിലെ അക്വേറിയത്തിലുള്ള കടല്‍മത്സ്യമായ മൊറേ ഈല്‍ എന്ന മീനിനെയാണ് ശസ്ത്രക്രിയക്ക് വിധേയമാക്കിയത്.
മറ്റ് മീനുകളുടെ കുത്തേറ്റ മൊറേ ഈലിന്റെ വയര്‍ഭാഗം മുറിഞ്ഞ് കുടലും മറ്റു ശരീരാവയവങ്ങളും പുറത്തുവന്നു. ശസ്ത്രക്രിയ നടത്തി കുടലും അവയവങ്ങളും ശരീരത്തിനുള്ളില്‍ തുന്നിക്കെട്ടാനായിരുന്നു ശ്രമം. മൃഗശാലയിലെ ഡോക്ടര്‍ ജേക്കബ് അലക്സാണ്ടറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ശസ്ത്രക്രിയ നടത്തിയത്.
പ്രത്യേക പാത്രത്തില്‍ കടല്‍വെള്ളം ശേഖരിച്ച ശേഷം മീനിന്റെ ചെകിളഭാഗം വെള്ളത്തിലും ശസ്ത്രക്രിയ നടത്തേണ്ട ഭാഗം പാത്രത്തിനു പുറത്തും വരത്തക്ക രീതിയില്‍ വെച്ചു. എയറേറ്ററിന്റെ സഹായത്തോടെ അനസ്തേഷ്യ നല്‍കിയാണ് ശസ്ത്രക്രിയ നടത്തിയത്. മൂന്നര മണിക്കൂര്‍കൊണ്ട് ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. പിന്നാലെ പ്രത്യേക അക്വേറിയത്തിലേക്കു മീനിനെ മാറ്റി.