മുംബൈ : കോവിഡ് മഹാമാരിക്കാലത്ത് മഹാരാഷ്ട്രയില്‍ 64 ശതമാനത്തോളം രക്ഷിതാക്കളും കുട്ടികളെ സ്‌കൂളുകളില്‍ അയക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് സര്‍വേ. സ്‌കൂളുകള്‍ തിങ്കളാഴ്ച വീണ്ടും തുറക്കാനിരിക്കെയാണ് സര്‍വേ ഫലം പുറത്ത് വന്നിരിക്കുന്നത്. 4,976 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇതില്‍ 67 ശതമാനം പുരുഷന്മാരും 33 ശതമാനം സ്ത്രീകളുമായിരുന്നു. 16 ശതമാനത്തോളം രക്ഷിതാക്കളും കുട്ടികളെ സ്‌കൂളുകളില്‍ അയക്കാനാണ് താല്‍പര്യപ്പെടുന്നത്. കോവിഡ് മൂന്നാം തരംഗത്തിന്റെ അതിതീവ്രവ്യാപനവും ഒമിക്രോണ്‍ രോഗികളുടെ എണ്ണവും ക്രമാതീതമായി കൂടിയ സാഹചര്യത്തിലാണ് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും കോളജുകളും അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഫെബ്രുവരി 15 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുമെന്ന് ജനുവരി എട്ടിനാണ് സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് വന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ ജനുവരി 24 മുതല്‍ വീണ്ടും തുറക്കുമന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചു.
ഒന്നുമുതല്‍ പ്ലസ് ടുവരെയുള്ള ക്ലാസുകളാണ് നാളെ മുതല്‍ വീണ്ടും ആരംഭിക്കുന്നത്. ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മുംബൈയിലെ സ്‌കൂളുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പൂനെ, ഔറംഗബാദ് തുടങ്ങിയ നഗരങ്ങളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി തന്നെ തുടരാനാണ് തീരുമാനിച്ചത്. എന്നാല്‍ അതത് പ്രദേശങ്ങളിലെ കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷം സ്‌കൂളുകള്‍ തുറക്കണോ വേണ്ടയോ എന്ന് അതത് തദ്ദേശസ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂളുകളില്‍ വരാന്‍ ഒരു വിദ്യാര്‍ഥികളെയും നിര്‍ബന്ധിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.