മുംബൈ: ലൈംഗികാതിക്രമം നേരിട്ട അതിജീവിതയെ അനാവശ്യ ഗർഭധാരണത്തിന് നിർബന്ധിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി പറഞ്ഞു. മെഡിക്കൽ വിദഗ്ധരുടെ പ്രതികൂല റിപ്പോർട്ട് ഉണ്ടായിരുന്നിട്ടും 12 വയസ്സുള്ള പെൺകുട്ടിക്ക് 28 ആഴ്ചത്തെ ഗർഭച്ഛിദ്രം നടത്താൻ അനുമതി നൽകി. പെൺകുട്ടിയുടെ ആഗ്രഹത്തിന് വിരുദ്ധമായി ഒരു കുഞ്ഞിന് ജന്മം നൽകാൻ നിർബന്ധിതരാകുകയാണെങ്കിൽ, അവളുടെ ജീവിത പാത തീരുമാനിക്കാനുള്ള അവകാശത്തെയാണ് ഇല്ലാതാക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. പെൺകുട്ടിയെ പരിശോധിച്ചശേഷം മെഡിക്കൽ ബോർഡ്, പെൺകുട്ടിയുടെ പ്രായവും ഗർഭ അണ്ഡത്തിന്റെ വളർച്ചയുടെ ഘട്ടവും കണക്കിലെടുക്കുമ്പോൾ ഗർഭം അവസാനിപ്പിക്കുന്ന പ്രക്രിയ വളരെ അപകടകരമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ ജസ്റ്റിസുമാരായ നിതിൻ സാംബ്രെ, സച്ചിൻ ദേശ്മുഖ് എന്നിവരടങ്ങിയ ബെഞ്ച് ഗർഭച്ഛിദ്രം അനുവദിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കി. സ്വന്തം അമ്മാവൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഗർഭിണിയാണെന്ന് കണ്ടെത്തിയതിനു ശേഷമാണ് ഇക്കാര്യം പുറത്തറിഞ്ഞത് എന്നും അതിജീവിത തന്റെ മാതാപിതാക്കൾ മുഖേന സമർപ്പിച്ച ഹർജിയിൽ പറയുന്നു. 2025 ജൂൺ അഞ്ചിന് കുറ്റാരോപിതയായ അമ്മാവനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തു. അതിജീവിത ഹർജി സമർപ്പിച്ചതിനെത്തുടർന്ന് ബെഞ്ച് ഒരു മെഡിക്കൽ ബോർഡ് രൂപീകരിച്ചു. ഗർഭം അലസിപ്പിക്കൽ പ്രക്രിയ ഉയർന്ന അപകടസാധ്യതയുള്ളതാണെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ ശുപാർശ ചെയ്തു. പെൺകുട്ടിയുടെ പ്രായവും ഗർഭസ്ഥ ശിശുവിന്റെ ഗർഭകാല പ്രായവും കണക്കിലെടുക്കുമ്പോൾ അപകടസാധ്യതയുള്ളയാണെന്നും മാതാപിതാക്കളുടെയും പെൺകുട്ടിയുടെയും സമ്മതത്തോടെ ഗർഭഛിദ്രം നടത്താമെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി.