ന്യൂഡൽഹി : യുവ ഗുസ്തി താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാറിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഡൽഹി പോലീസ്. ഡൽഹി ഛത്രസാൽ സ്റ്റേഡിയത്തിൽ ഗുസ്തി താരങ്ങൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിനിടെയാണ് ദേശീയ ജൂനിയർ ചാമ്പ്യനായിരുന്ന സാഗർ റാണ കൊല്ലപ്പെട്ടത്. കേസിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്ന് സുശീൽ കുമാർ ഒളിവിൽ പോവുകയായിരുന്നു. സംഭവം നടന്ന് രണ്ടാഴ്ചയോളമായെങ്കിലും ഇനിയും സുശീൽ കുമാറിനെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സുശീൽ കുമാറിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചത്.
സുശീൽ കുമാറിനൊപ്പം ഒളിവിൽ പോയ താരത്തിന്റെ സഹായി കൂടിയായ അജയ് കുമാറിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് 50,000 രൂപയും പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. സുശീൽ കുമാർ ഉൾപ്പെടെ കേസുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന ഏഴു പേർക്കെതിരെ ഡൽഹി കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. സുശീൽ കുമാർ ഉൾപ്പെടെയുള്ളവർക്കെതിരെ ഡൽഹി പോലീസ് ലുക്കൗട്ട് നോട്ടിസും പുറത്തിറക്കിയെങ്കിലും ഫലമുണ്ടായില്ല.
ഡൽഹിയിലും ഹരിയാന ഉൾപ്പെടെയുള്ള സമീപ സംസ്ഥാനങ്ങളിലും സുശീൽ കുമാറിനായി ഡൽഹി പോലീസ് വലവിരിച്ചെങ്കിലും താരത്തെ കണ്ടെത്താനായില്ല. താരത്തിന്റെ വീട്ടിലും ബന്ധുക്കളുടെ വീടുകളിലും റെയ്ഡ് നടത്തിയതും വെറുതെയായി.
ഈ മാസം അഞ്ചിന് സംഘർഷം നടക്കുന്ന സമയത്ത് സുശീൽ കുമാറും സ്ഥലത്തുണ്ടായിരുന്നുവെന്ന് പരുക്കേറ്റവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് താരത്തെയും കേസിൽ പ്രതി ചേർത്തത്. സാഗർ റാണയുടെ സുഹൃത്തുക്കളായ രണ്ടു പേരാണ് സംഘർഷത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നത്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ക്രിമിനൽ ഗൂഢാലോചന എന്നിവയാണ് പോലീസ് സുശീൽ കുമാറിനെതിരെ ചാർജ് ചെയ്തിരിക്കുന്നത്.