ന്യൂഡൽഹി : ജൂനിയർ ഗുസ്തി താരം സാഗർ ധൻകഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാറിന് തൂക്കുകയർ ഉറപ്പാക്കണമെന്ന ആവശ്യവുമായി കൊല്ലപ്പെട്ട താരത്തിന്റെ മാതാപിതാക്കൾ. സുശീൽ കുമാർ നേടിയിട്ടുള്ള ഒളിമ്പിക് മെഡലുകൾ ഉൾപ്പെടെയുള്ളവ തിരിച്ചെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. രാഷ്ട്രീയ വൃത്തങ്ങളിൽ പിടിപാടുള്ളതിനാൽ സുശീൽ കുമാർ അന്വേഷണം അട്ടിമറിക്കുമെന്ന ആശങ്കയും ഇവർ പങ്കുവെച്ചിട്ടുണ്ട്. അന്വേഷണം വഴിതിരിച്ചു വിടാതിരിക്കാൻ കോടതിയുടെ മേൽനോട്ടമുണ്ടാകണം എന്നും സാഗറിന്റെ പിതാവ് അശോക് ആവശ്യപ്പെട്ടു. ക്രിമിനലുകളുമായുള്ള സുശീലിന്റെ ബന്ധവും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു .
നീതി കിട്ടുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. എവിടെയാണ് സുശീൽ ഇത്രയും നാൾ ഒളിവിൽ കഴിഞ്ഞത്? അതിന് അയാളെ സഹായിച്ചത് ആരൊക്കെയാണ്? അതിലുപരി ഏതൊക്കെ ക്രിമിനൽ സംഘങ്ങളുമായാണ് സുശീലിനു ബന്ധമുള്ളത്? ഇതെല്ലാം അന്വേഷിക്കണം. മറ്റുള്ളവർക്കു കൂടി പാഠമാകുന്നതിന് സുശീൽ കുമാറിനെ തൂക്കിലേറ്റണം എന്നാണ് ഞങ്ങളുടെ ആവശ്യം – അശോക് പറഞ്ഞു.
എന്റെ മകനെ കൊലപ്പെടുത്തിയയാളെ ഒരിക്കലും മെന്ററെന്ന് വിളിക്കാനാകില്ല. സുശീൽ കുമാർ കരിയറിൽ നേടിയ എല്ലാ മെഡലുകളും തിരിച്ചെടുക്കണം. പോലീസ് നേരായ വഴിയിൽത്തന്നെ അന്വേഷിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. പക്ഷേ രാഷ്ട്രീയ വൃത്തങ്ങളിലുള്ള സ്വാധീനം ഉപയോഗിച്ച് സുശീൽ കുമാർ കേസ് അട്ടിമറിക്കുമോ എന്ന് ഞങ്ങൾക്ക് ആശങ്കയുണ്ട്’ – സാഗറിന്റെ മാതാവ് പറഞ്ഞു.
ഇതിനിടെ കൊലപാതകത്തിനുശേഷം ഒളിവിൽ പോയ സുശീൽകുമാറും കൂട്ടുപ്രതി അജയ് ബക്കർവാലെയും എന്നും സിം കാർഡുകൾ മാറിമാറി ഉപയോഗിച്ചാണ് ഒളിവിൽ കഴിഞ്ഞതെന്ന് പോലീസ് വെളിപ്പെടുത്തി. രണ്ടാഴ്ചയോളം ഒളിവിലായിരുന്ന സുശീൽ പതിനാലോളം സിം കാർഡുകൾ ഉപയോഗിച്ചെന്നും ഇവ സംഘടിപ്പിച്ചു കൊടുത്തയാളെ കസ്റ്റഡിയിലെടുത്തെന്നും പോലീസ് പറഞ്ഞു. ഇരുവരെയും 6 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
അറസ്റ്റിലായതോടെ സുശീലിന്റെ ഒളിമ്പിക് മെഡലുകൾ തിരിച്ചെടുക്കുമോ എന്നതു സംബന്ധിച്ച ചർച്ചകളും സജീവമായിട്ടുണ്ട്. 2008ൽ വെങ്കലവും 2012ൽ വെള്ളിയും നേടിയ ഇതിഹാസ താരമാണ് സുശീൽ കുമാർ. ലോകഗുസ്തി ദിനമായ ഇന്നലെ പുലർച്ചെയാണ് സുശീലും കൂട്ടുകാരനും പിടിയിലായത്.
മേയ് നാലിന് ഛത്രസാൽ സ്റ്റേഡിയത്തിലുണ്ടായ തർക്കത്തിനിടെ ജൂനിയർ ദേശീയ താരം സാഗർ ധൻകഡിനെ സുശീലും കൂട്ടുകാരും മർദിക്കുകയും സാഗർ പിന്നീട് ആശുപത്രിയിൽ മരിക്കുകയും ചെയ്തുവെന്നാണ് കേസ്. സുശീലിന്റെ ഫ്ലാറ്റിൽ വാടകയ്ക്കു താമസിച്ചിരുന്ന സാഗറിനെയും സോനുമഹൽ എന്നയാളെയും ഒഴിപ്പിക്കാനുള്ള ശ്രമത്തെത്തുടർന്നാണ് സംഘർഷമുണ്ടായത്. കാലാ ജതേഡി എന്ന ഗുണ്ടാനേതാവിന്റെ അടുപ്പക്കാരനായിരുന്നു സോനു. നേരത്തേ പിടിയിലായ പ്രിൻസ് ദലാലിന്റെ കൈവശമുള്ള വിഡിയോയിൽ സുശീൽ ദണ്ഡ് ഉപയോഗിച്ച് സാഗറിനെ മർദിക്കുന്ന ദൃശ്യമുണ്ടെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഡൽഹിയിലെ മുണ്ട്ക പ്രദേശത്തു നിന്നാണ് സ്കൂട്ടറിൽ പോകുന്നതിനിടെ സുശീലിനെയും ഛത്രസാൽ സ്റ്റേഡിയത്തിലെ പരിശീലകനുമായ അജയ് ബക്കർവാലയെയും പിടികൂടിയത്.