തൃശൂർ : കെടിഡിസിയിൽ അസി. മാനേജരായി ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയായ മുസ്ലിം ലീഗ് നേതാവ് അറസ്റ്റിൽ. പൊരി ബസാർ കാട്ടുപറമ്പിൽ ഷാനി എന്നു വിളിക്കുന്ന ഷാനീർ (50 ) നെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. മതിലകം ശാന്തിപുരം പള്ളിനട സ്വദേശിയായ നിഹാന്റെ പരാതിയിലാണ് അറസ്റ്റ്. ജോലി വാഗ്ദാനം നൽകി പ്രതി 19 ലക്ഷം രൂപയാണ് നിഹാന്റെ കയ്യിൽ നിന്നും വാങ്ങിയത്. പിന്നീട് വിവരം അന്വേഷിച്ചപ്പോൾ പ്രതി ഒഴിഞ്ഞുമാറുകയായിരുന്നു. തുടർന്ന് വാങ്ങിയ തുക തിരികെ കൊടുക്കാതിരിക്കാനായി ചിലരുമായി ഗൂഡാലോചന നടത്തി. നിഹാനെ ലഹരിമരുന്ന് കേസിൽ പെടുത്തി നിഹാന് സ്വഭാവ ദൂഷ്യമാണെന്ന് വരുത്തിത്തീർക്കുന്നതിന് മാർച്ച് 27 ന് തീയതി കെടിഡിസിയിൽ ജോലി ശരിയായിട്ടുണ്ട് എന്ന് പറഞ്ഞ് തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ട് പോയി. ഇയാളുടെ വാക്ക് വിശ്വസിച്ച് നിഹാൻ തിരുവനന്തപുരത്തെത്തി.
പ്രതി റെയിൽവെ പൊലീസിന് നിഹാൻെറ ബാഗിൽ മയക്ക് മരുന്നുണ്ടെന്ന രഹസ്യ വിവരം കൊടുത്തു. ഇതിന്റെ അടിസ്ഥാനത്തിൽ നിഹാനെയും കൂടയുണ്ടായിരുന്ന പിതാവിനെയും തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ വച്ച് പോലീസ് പരിശോധിച്ചു. എന്നാൽ പോലീസിന് ഒന്നും കണ്ടെത്താൻ സാധിച്ചില്ല. ഏപ്രിൽ 5 ന് കുമരകത്ത് പോസ്റ്റിംഗ് ആയിട്ടുണ്ടെന്ന് പ്രതി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നിഹാലും പിതാവും വീട്ടിൽ മതിലകം അഞ്ചാംപരത്തിയിൽ എത്തിയപ്പോൾ എക്സൈസ് സംഘം കാർ തടഞ്ഞുനിർത്തി പരിശോധന നടത്തി. നിഹാനിൽനിന്ന് പ്രതി നാല് തവണയായി 19 ലക്ഷം രൂപ കൈപ്പറ്റുകയും ഗൂഢാലോചന നടത്തി ശേഷം നിഹാനെ ലഹരിമരുന്ന് കേസിൽപ്പെടുത്താനുമായിരുന്നു ലക്ഷ്യം. നിഹാൻെറ പിതാവായ മുഹമ്മദ് ഇബ്രാഹിമിൻ്റെ പരാതിയെ തുടർന്നാണ് മതിലകം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്.