പത്തനംതിട്ട : ഇടപ്പാറ ഊരാളി കുടുംബത്തിലെ അയ്യപ്പനെന്ന ഊരാളിയെ കാണാതായിട്ട് മൂന്ന് പതിറ്റാണ്ട്. 27 വർഷം മുൻപാണ് ഇടപ്പാറമല ഊരാളി അയ്യപ്പന് ഗുജറാത്തിലേക്ക് പടയണിക്ക് ക്ഷണം വരുന്നത്. ആദ്യം ഇത് സ്വീകരിച്ചില്ലെങ്കിലും പിന്നീട് ആരുടെയോ നിർബന്ധത്തിന് വഴങ്ങി അയ്യപ്പൻ ഊരാളി ഗുജറാത്തിലേക്ക് തിരിച്ചു. ആർക്കൊപ്പം എന്നത് ഇന്നും അജ്‌ഞാതം. ക്ഷണിച്ചവർ ആരെയോ ചുമതലപ്പെടുത്തി. ട്രെയിനിൽ അവിടേക്ക് കൊണ്ടുപോയി എന്നറിയാം. പിന്നീട് 27 വർഷം ആകുമ്പോഴും അയ്യപ്പൻ ഊരാളിയെ കുറിച്ച് വിവരമൊന്നുമില്ല. ഫോണിൽ ബന്ധപ്പെടാൻ കഴിയാത്ത കാലം. ഗുജറാത്തിൽ എത്തി ഏഴ് ദിവസം നീണ്ടുനിന്ന പരിഹാര ക്രിയകൾ നടത്തിയെന്നും ഇതിന് ആദരവ് നൽകിയെന്നും ഒക്കെ പറയുന്നു. ഇതിനു ശേഷം ട്രെയിനിൽ നാട്ടിലേക്ക് കയറ്റി വിട്ടുവത്രേ. ഇതിനൊന്നും സ്ഥിരീകരണമില്ല. ക്ഷണിച്ചുകൊണ്ട് പോയവരെ കുറിച്ചും വ്യക്തതയില്ല. മടങ്ങി വരാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ ആറന്മുള പോലീസിൽ പരാതി നൽകി. അവർ ഗുജറാത്തിൽ പോയി മടങ്ങി. വിവരങ്ങൾ ഒന്നും ലഭിച്ചില്ല.
ട്രെയിൻ കയറിയെന്നും ഇടയ്‌ക്ക് ഏതോ സ്‌റ്റേഷനിൽ ഇറങ്ങിപ്പോയെന്നും പിന്നീട് കണ്ടില്ല എന്നുമൊക്കെയാണ് പോലീസ് പറയുന്നത്. എന്നാൽ ഇതിനൊന്നും വ്യക്‌തതയില്ല. അവ്യക്‌തത നിലനിൽക്കുകയും ചെയ്യുന്നു. സാധുക്കളായ കുടുംബത്തിന് അന്ന് പോലീസിൽ പരാതി നൽകുന്നതിലപ്പുറം ഒന്നും ചെയ്യാൻ കഴിയുമായിരുന്നുമില്ല. ഇദ്ദേഹത്തിന്റെ തിരോധാനത്തോടെ മലനടയിൽ കുടുംബത്തിന് ഉണ്ടായിരുന്ന അവകാശവും ഇല്ലാതെയായി. മലനടയുടെ ജന്മികൾ സ്ഥാനം ഒഴിയുകയും ജനകീയ സമിതി ഉണ്ടാകുകയും ചെയ്‌തു. ഇടപ്പാറ മലനടക്ക് അടുത്താണ് നരബലി നടന്ന ഇലന്തുരിലെ കടകംപള്ളിൽ വീട്. ആചാരങ്ങളിൽ താത്‌പര്യം ഉണ്ടായിരുന്ന ഭഗവൽ സിങ് ഇടപ്പാറമലയിൽ പതിവായി എത്തിയിരുന്നതായും മർമവും കളരിയും ഇവിടുത്തെ പൂജാരീതികളും അയ്യപ്പൻ ഊരാളിയിൽനിന്ന് പഠിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. സംഭവങ്ങൾ ചേർത്ത് വായിക്കുമ്പോൾ ബന്ധുക്കൾ നിരവധി സംശയങ്ങൾ ഉയർത്തിയിരുന്നു. ആര് വഴിയാണ് അയ്യപ്പൻ ഊരാളി പോയതെന്നും ആർക്കും പറയാൻ കഴിയുന്നുമില്ല. നരബലിക്ക് ശേഷം സംസ്ഥാന ക്രൈം ബ്രാഞ്ച് ഈ സംഭവവും പൊടിതട്ടി എടുക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥർ നരബലി കേസിലെ പ്രതികളെ കണ്ട് മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.