മാന്നാർ: ആലപ്പുഴ ജില്ലയിലെ മാന്നാറിൽ വീടുകളിൽ മോഷണം നടത്തിയ പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. മാവേലിക്കര സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന അന്തർ സംസ്ഥാന മോഷണ സംഘത്തിൽപ്പെട്ട ഉത്തർപ്രദേശ് സ്വദേശികളായ മുഹമ്മദ് സൽമാൻ (34), റിസ്വാൻ സൈഫി (27) എന്നിവരെയാണ് മാന്നാർ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയത്. പ്രവാസി വ്യവസായി മാന്നാർ കുട്ടമ്പേരൂർ രാജശ്രീയിൽ രാജശേഖരൻ പിള്ളയുടെയും ദീപ്തിയിൽ ഡോക്ടർ ദിലീപ് കുമാറിന്റെയും വീടുകളിലാണ് മോഷണം നടന്നത്.
അരക്കോടി രൂപയിലേറെ വിലവരുന്ന വജ്ര-സ്വർണ്ണാഭരണങ്ങളും വിലപിടിപ്പുള്ള സാധനങ്ങളുമാണ് പ്രതികള്‍ കവർന്നത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയെങ്കിലും കനത്ത മഴയായതിനാൽ തെളിവെടുപ്പ് നടാത്താൻ കഴിഞ്ഞിരുന്നില്ല. പ്രതികളെ രണ്ട് വീടുകളിലും എത്തിച്ച് മോഷണം നടത്തിയ രീതികൾ പോലീസ് ചോദിച്ചു മനസ്സിലാക്കി. തുടർന്ന് പ്രതികൾ നാടുവിടുന്നതിനായി ഓട്ടോറിക്ഷ വിളിച്ച സ്റ്റോർ ജംഗ്ഷനിലെ സ്റ്റാൻഡിലും എത്തിച്ചു വിവരങ്ങൾ ശേഖരിച്ചു.
കഴിഞ്ഞ മാസം 23 ന് രാത്രിയിലായിരുന്നു മോഷണം നടന്നത്. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശാനുസരണം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ മോഷ്ടാക്കളുടെ സംഘത്തലവനും കൊടും ക്രിമിനലുമായ മുഹമ്മദ് സൽമാനെ യു പിയിലെ ബിജിനൂർ ജില്ലയിലെ കുഗ്രാമമായ ശിവാലകാലായിൽ നിന്നും റിസ്വാൻ സൈഫിയെ ബംഗളുരുവിൽ നിന്നും ആരിഫിനെ മാന്നാറിൽ നിന്നുമാണ് പിടികൂടിയത്. സൽമാനെ ബിജിനൂർ ജില്ലാ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് മുഖാന്തിരം കേരളത്തിൽ എത്തിക്കുകയായിരുന്നു.
പിടികൂടിയ പ്രതികളിൽ ആരിഫിനെയും റിസ്വാനേയും കോടതിയിൽ ഹാജരാക്കുന്നതിനു മുമ്പായിത്തന്നെ പോലീസ് സംഘം ഊട്ടുപറമ്പ് സ്കൂളിന് വടക്കുള്ള കാടുപിടിച്ച പുരയിടത്തിൽ കൊണ്ടുവന്ന് മോഷണം നടന്ന വീടുകളിലെ നഷ്ടപ്പെട്ട സിസിടിവിയുടെ ഡിവിആറും വിലപിടിപ്പുള്ള വാച്ചുകളും കണ്ടെടുത്തിരുന്നു. പ്രതിയായ ആരിഫിനെ വാടകക്ക് താമസിച്ചിരുന്ന റൂമിലും കൊണ്ടുവന്നു പരിശോധന നടത്തി. കേസിൽ യുപി സ്വദേശികളായ റിയാസത്ത് അലി, മുഹമ്മദ് ഹസാരി എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. ഇവർക്കായുളള അന്വേഷണം ഉത്തരേന്ത്യ കേന്ദ്രീകരിച്ച് ഊർജിതമായി തുടരുകയാണ്. വരും ദിവസങ്ങളിൽ ഇവരെ പിടികൂടാനാകുമെന്നാണ് പോലീസ് സംഘം പറയുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.