ന്യൂഡല്‍ഹി : സസ്‌പെന്‍ഷന്‍ വിവാദത്തില്‍ കേന്ദ്ര മന്ത്രി വി.മുരളീധരന് മറുപടിയുമായി എളമരം കരീം. പാര്‍ലമെന്ററി കാര്യവകുപ്പ് കൈകാര്യം ചെയ്യാന്‍ വി.മുരളീധരന്‍ യോഗ്യനല്ലെന്ന് എളമരം കരീം പറഞ്ഞു. ആര്‍.എസ്.എസ് പ്രവര്‍ത്തനപരിചയം കൊണ്ട് പാര്‍ലമെന്ററി കാര്യവകുപ്പ് നടത്താനാകില്ല. പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ സമവായം ഉണ്ടാക്കുന്നതാണ് പാരമ്പര്യമെന്നും എളമരം കരീം പറഞ്ഞു.
ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുകയാണ്. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി ഉയരുന്ന ശബ്ദങ്ങളെ അടിച്ചൊതുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എളമരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. എതിര്‍ ശബ്ദങ്ങളെ ഭയപ്പെടുന്ന ഭീരുക്കളാണ് മോദിയും കൂട്ടരുമെന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നു. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അടിവേരറുക്കുന്ന കര്‍ഷക സമരങ്ങള്‍ക്ക് തന്റെ സസ്‌പെന്‍ഷന്‍ കൂടുതല്‍ ഊര്‍ജം പകരുമെന്നും കരീം പറഞ്ഞു. സസ്‌പെന്‍ഷനിലായ എംപിമാര്‍ പാര്‍ലമെന്റ് വളപ്പിലെ ഗാന്ധിപ്രതിമക്ക് മുന്നില്‍ പ്രതിഷേധിച്ചു.
പാര്‍ലമെന്റിലെ പ്രതിപക്ഷസമരം ഇടനിലക്കാര്‍ക്കുവേണ്ടിയാണെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞിരുന്നു. എംപിമാരെ സസ്‌പെന്‍ഡ് ചെയ്തത് ഗുരുതരമായ കുറ്റങ്ങള്‍ ചെയ്തതിനാലാണ്. പ്രതിപക്ഷം നടത്തുന്നത് ആടിനെ പട്ടിയാക്കുന്ന പ്രചാരണമാണ്. മാര്‍ഷലുകളെ ആക്രമിച്ച കെ.കെ.രാഗേഷ് സ്വയം ഇര ചമയുകയാണെന്നും മുരളീധരന്‍ ആരോപിച്ചു.