പത്തനംതിട്ട : പോക്സോ കേസുകള്‍ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് ജില്ലാ ശിശുക്ഷേമസമിതി ചെയര്മാന് എൻ. രാജീവിനെ സസ്പെന്‍ഡ് ചെയ്ത സര്‍ക്കാര്‍ നടപടി സിപിഎമ്മിലും ചര്‍ച്ചയാകും. സിപിഎം ഇരവിപേരൂര്‍ ഏരിയാ കമ്മിറ്റിയംഗം കൂടിയായ എന്‍. രാജീവ് പാര്‍ട്ടി നോമിനിയായാണ് സിഡബ്ല്യുസി അധ്യക്ഷ സ്ഥാനത്തെത്തിയത്. നേരത്തേ ടി. സക്കീര്‍ ഹുസൈന് പത്തനംതിട്ട നഗരസഭ അധ്യക്ഷനായതിനു പിന്നാലെയാണ് എന്‍. രാജീവ് ഈ സ്ഥാനം ഏറ്റെടുത്തത്. മന്ത്രി വീണാ ജോര്‍ജ് ചുമതല വഹിക്കുന്ന വനിതാ ശിശുവികസന വകുപ്പില്‍ നിന്നാണ് രാജീവിനെതിരേ നടപടിയുണ്ടായതെന്നതിനാല് സിപിഎം കമ്മിറ്റികളില്‍ വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് സൂചന.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരേയുണ്ടായ പീഡനക്കേസില്‍ അതിജീവിതയുടെ സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന പേരിലാണ് എൻ. രാജീവിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. എന്നാൽ രാജീവിനെതിരേയുള്ള നടപടി രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്ന് സിപിഎമ്മിനുള്ളിൽ അഭിപ്രായമുണ്ട്. ചെയർമാനെതിരേ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങൾ യാഥാർഥ്യങ്ങൾക്കു നിരക്കുന്നതല്ലെന്ന് പറയുന്നു. കൂട്ടുത്തരവാദിത്വമുള്ള ഒരു സംവിധാനത്തിൽ ചെയർമാനെതിരേയുള്ള നടപടിക്കു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് ആക്ഷേപം. പോക്സോ കേസുകളിൽ ജില്ലയിലെ പോലീസ് സംവിധാനത്തിനെതിരേയുള്ള ആക്ഷേപം നിലനിൽക്കേ സിഡബ്ല്യുസിയെ വലിച്ചിഴച്ച് നടപടി സ്വീകരിച്ചതിനു പിന്നിൽ ദുരൂഹത നിലനിൽക്കുകയാണ്.