അമ്പലപ്പുഴ : കടലില്‍ സംശയകരമായി കണ്ട ബോട്ടും അതിലുണ്ടായിരുന്ന തൊഴിലാളികളേയും തോട്ടപ്പള്ളി തീരദേശ പോലീസ് കസ്റ്റഡിയിലെടുത്തു. ലക്ഷദ്വീപ് സ്വദേശി ഇബ്‌നു സിയാദിന്റെ ഉടമസ്ഥതയിലുള്ള ബോട്ടില്‍ തമിഴ്‌നാട് സ്വദേശികളായ ജ്ഞാനദാസ് (31), ബിനോ (34), ബിജു (28), പുതുച്ചേരി സ്വദേശി എഴുമലൈ (30) എന്നിവരാണുണ്ടായിരുന്നത്. മത്സ്യത്തൊഴിലാളികള്‍ വിവരം നല്‍കിയതിനെത്തുടര്‍ന്നാണു പോലീസ് ഇവരെ പിടികൂടിയത്.
ലക്ഷദ്വീപ് റജിസ്‌ട്രേഷനിലുള്ള ‘തിര 2’ എന്ന മീന്‍പിടിത്ത ബോട്ടും അതിലുണ്ടായിരുന്ന തമിഴ്‌നാട്, പുതുച്ചേരി സ്വദേശികളായ തൊഴിലാളികളെയുമാണ് കസ്റ്റഡിയിലെടുത്തത്. ഈ ബോട്ട് വലിയഴീക്കല്‍ കടലിലൂടെ തമിഴ്‌നാട് തേങ്ങാപ്പട്ടണത്തിലേക്കു പോകുമ്പോഴാണു പിടികൂടിയത്. മീന്‍പിടിത്തത്തിനു വന്ന ബോട്ട് യന്ത്രത്തകരാര്‍ കാരണം കൊച്ചിയില്‍ രണ്ടു ദിവസം നിര്‍ത്തിയിട്ടിരുന്നുവെന്നും ശനിയാഴ്ചയോടെ തകരാര്‍ പരിഹരിച്ച് ഇന്നലെ രാവിലെ കുളച്ചലിലേക്കു തിരിക്കുകയുമായിരുന്നുവെന്നാണ് ബോട്ടിലുണ്ടായിരുന്നവര്‍ പോലീസിനോടു പറഞ്ഞത്. ബോട്ടിന്റെ യഥാര്‍ഥ രേഖകളുമായി എത്താന്‍ ഉടമയോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.