കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ആര്‍എസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതി നടത്തുന്ന 1000 സ്‌കൂളുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. എല്ലാ ജില്ലകളിലും മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും സ്‌കൂളുകള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭാരതിയുടെ 74ാം വാര്‍ഷികത്തോടനുബന്ധിച്ച് കൊല്‍ക്കത്തയില്‍ നടന്ന പരിപാടിയിലായിരുന്നു പ്രഖ്യാപനം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ‘ദേശീയതയിലൂന്നിയ പഠനം’ ശക്തമാക്കേണ്ടതുണ്ടെന്ന് അധികാരി പറഞ്ഞു. മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ മലിനപ്പെടുത്തിയെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
വിദ്യാഭ്യാസ മേഖലയിലെ ഉത്തരവാദിത്തം വിദ്യാഭാരതി ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു.മുര്‍ഷിദാബാദ്, സൗത്ത് 24 പര്‍ഗാനാസ് ജില്ലകളില്‍ വിദ്യാഭാരതിയോട് കൂടുതല്‍ സ്‌കൂളുകള്‍ ആരംഭിക്കാന്‍ സുവേന്ദു അധികാരി ആവശ്യപ്പെട്ടു. ഈ ജില്ലകളില്‍ ‘രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍’ കൂടുതലായി നടക്കുന്നുവെന്നാണ് ഇതിന് കാരണമായി പറഞ്ഞത്. വിദ്യാഭ്യാസ വകുപ്പില്‍ ഭാരതീയ ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ‘ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക, ഒരു നേതാവ്’ എന്ന മുദ്രാവാക്യം നടപ്പാക്കണമെന്ന നിലപാടും അദ്ദേഹം മുന്നോട്ടുവച്ചു.
വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിക്കാന്‍ തയ്യാറാകാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നിര്‍ത്തിവെക്കുമെന്ന മുന്നറിയിപ്പും മുഖ്യമന്ത്രി നല്‍കി. വന്ദേമാതരം പാടുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുന്നത് മാത്രം പോര. ചുണ്ടുകള്‍ ചലിപ്പിച്ച് വന്ദേമാതരം മുഴുവനായി പാടണം -മുഖ്യമന്ത്രി നിര്‍ദേശിച്ചു. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളുടെയും ചുമതല ഉന്നത വിദ്യാഭ്യാസ വകുപ്പിനായിരിക്കെ ആലിയ സര്‍വകലാശാലയുടെ മാത്രം ചുമതല മറ്റൊരു വകുപ്പിനായിരിക്കുന്ന തരത്തിലുള്ള സംവിധാനം സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ ആലിയ യൂണിവേഴ്‌സിറ്റിയുടെ ഭരണനിര്‍വഹണം ന്യൂനപക്ഷകാര്യ വകുപ്പിന്റെ കീഴിലാണ്.
































