കൊൽക്കത്ത : സുരക്ഷാ ജീവനക്കാരന്റെ മരണവുമായി ബന്ധപ്പെട്ട് പശ്ചിമബംഗാള്‍ ബി.ജെ.പി നേതാവ് സുവേന്ദു അധികാരിക്ക് സമന്‍സ് അയച്ച് പോലീസ്. തിങ്കളാഴ്ച അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണമെന്നാണ് നിര്‍ദേശം. വെടിയുണ്ടയേറ്റ നിലയിലായിരുന്നു സുരക്ഷാ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോയെന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസ് എം.പി അഭിഷേക് ബാനര്‍ജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെയാണ് പശ്ചിമബംഗാള്‍ പോലീസിന്റെ നീക്കം. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വിശ്വസ്തനായിരുന്ന അധികാരി പിന്നീട് കൂറുമാറിയാണ് ബി.ജെ.പിയിലെത്തിയത്.