സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യയിൽ വിൽപ്പന നടത്തുന്ന ജനപ്രിയ മോഡലാണ് സുസുക്കി ആക്സസ് 125 (Suzuki Access 125). യുവാക്കളുടെ പോലും ഇഷ്ട സ്കൂട്ടർ മോഡലായ ആക്സസ് ഇപ്പോൾ പുതിയൊരു നേട്ടം കൈവരിച്ചിരിക്കുകയാണ്. സുസുക്കി ആക്സസ് 125ന്റെ 50 ലക്ഷം യൂണിറ്റുകളാണ് ഇതുവരെ ഉത്പാദിപ്പിച്ചിരിക്കുന്നത്. ഈ 50 ലക്ഷം ഉത്പാദനം എന്ന നേട്ടം കൈവരിക്കാൻ ഏകദേശം 16 വർഷമാണ് എടുത്തിരിക്കുന്നത്. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഖേർക്കി ധൗല പ്ലാന്റിൽ നിന്നാണ് 50 ലക്ഷം പൂർത്തിയാക്കിയ സുസുക്കി ആക്സസ് 125 യൂണിറ്റ് പുറത്തിറക്കിയത്. 2007ലാണ് സുസുക്കി ആക്സസ് 125 സ്കൂട്ടർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ലോഞ്ച് ചെയ്തത് മുതൽ 125സിസി സ്കൂട്ടറുകളുടെ വിഭാഗത്തിൽ ശക്തമായ സാന്നിധ്യമാണ് ആക്സസ് 125. കരുത്തിലും ഡിസൈനിലും മികവ് പുലർത്തുന്ന സുസുക്കി ആക്സസ് 125 ഇപ്പോഴും മികച്ച വിൽപ്പന നേടുന്നുണ്ട്. ലോഞ്ച് ചെയ്തത് മുതൽ ഇന്നുവരെ പല കാലങ്ങളിലായി ഡിസൈനിലും സവിശേഷതകളിലും പല മാറ്റങ്ങളും ആക്സസ് 125ൽ സുസുക്കി വരുത്തിയിട്ടുണ്ട്.
125 സിസി എഞ്ചിനുമായി വിപണിയിലെത്തിയ ആദ്യത്ത സ്കൂട്ടർ കൂടിയായിരുന്നു സുസുക്കി ആക്സസ് 125. ഇന്ത്യയിലെ ഒബിഡി 2 എ എമിഷൻ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് ഈ വർഷവും സുസുക്കി ആക്സസ് 125ൽ പുതുക്കലുകൾ വരുത്തിയിട്ടുണ്ട്. കുറച്ച് മാറ്റങ്ങൾ മാത്രമാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. ഓൺ-ബോർഡ് ഡയഗ്നോസ്റ്റിക്സ് സിസ്റ്റമാണ് സുസുക്കി ആക്സസ് 125ൽ പുതുതായി വന്നിരിക്കുന്ന പ്രധാന സവിശേഷത. ഏതെങ്കിലും സിസ്റ്റം തകരാറായാൽ അത് കണ്ടെത്താനും വാഹനം ഓടിക്കുന്നയാളെ ഇത് അറിയിക്കാനും സഹായിക്കുന്ന സംവിധാനമാണ് ഒബിഡി.
ഒബിഡി പോലുള്ള മാറ്റങ്ങൾ വന്നെങ്കിലും സുസുക്കി ആക്സസ് 125ന്റെ 2023 പതിപ്പിലും മെക്കാനിക്കലായ സവിശേഷതകളിൽ മാറ്റങ്ങളില്ല. 6,750 ആർപിഎമ്മിൽ 8.5 ബിഎച്ച്പി പവർ ഔട്ട്പുട്ടും 5,500 ആർപിഎമ്മിൽ 10 എൻഎം പീക്ക് ടോർക്കും നൽകുന്ന 124 സിസി, സിംഗിൾ പോട്ട്, എയർ കൂൾഡ് എഞ്ചിനാണ് സുസുക്കി ആക്സസ് 125 സ്കൂട്ടറിലുള്ളത്. ഈ സെഗ്മെന്റിലെ മികച്ച പവർ ഔട്ട്പുട്ട് തന്നെയാണ് വാഹനം നൽകുന്നത്. മറ്റ് സവിശേഷതകളുടെ കാര്യത്തിലും സുസുക്കി ആക്സസ് 125 മികവ് പുലർത്തുന്നു.
കാലത്തിന് അനുസരിച്ച് നിരന്തരം പുതുക്കിയ വാഹനമാണ് സുസുക്കി ആക്സസ് 125. നിലവിൽ ബ്ലൂട്ടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റൽ കൺസോലുള്ള വേരിയന്റ് പോലും സുസുക്കി ആക്സസ് 125ൽ ലഭ്യമാണ്. എൽഇഡി പൊസിഷൻ ലൈറ്റുകളും ഇത്തരത്തിൽ പുതുതായി കൂട്ടിച്ചേർത്ത സവിശേഷതയാണ്. മുന്നിൽ ടെലിസ്കോപ്പിക് സസ്പെൻഷനും പിന്നിൽ സ്വിങ് ആം സസ്പെൻഷനുമായിട്ടാണ് സ്കൂട്ടർ വരുന്നത്. അഞ്ച് ലിറ്റർ പെട്രോൾ ടാങ്കും ഈ വാഹനത്തിൽ സുസുക്കി നൽകിയിട്ടുണ്ട്.
50 ലക്ഷം വിൽപ്പന എന്നത് കമ്പനിയെ സംബന്ധിച്ച് പ്രധാന നാഴികക്കല്ലാണെന്ന് സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ മാനേജിംഗ് ഡയറക്ടർ കെനിച്ചി ഉമേദ പറഞ്ഞു. സുസുക്കി ആക്‌സസ് 125 നാല് വ്യത്യസ്ത വേരിയന്റുകളിലാണ് ഇന്ത്യയിൽ ലഭ്യമാകുന്നത്. ഈ സ്കൂട്ടർ 14 കളർ ഓപ്ഷനുകളിലും ലഭിക്കും. ആക്‌സസ് 125 സ്കൂട്ടറിന്റെ എക്സ് ഷോറൂം വില 79,400 രൂപ മുതലാണ് ആരംഭിക്കുന്നത്. വാഹനത്തിന് 89,500 രൂപ വരെ വിലയുണ്ട്. ഹോണ്ട ആക്ടിവ 125, ഹീറോ മാസ്‌ട്രോ എഡ്ജ് 125, ടിവിഎസ് ജൂപ്പിറ്റർ 125 എന്നിവയ്‌ക്കെതിരെയാണ് സുസുക്കി ആക്സസ് 125 മത്സരിക്കുന്നത്.