മാരുതി സുസുക്കി ഇന്ത്യയിൽ വിൽപ്പന നടത്തുന്ന ഏറ്റവും ജനപ്രിയമായ വാഹനങ്ങളിലൊന്നാണ് സ്വിഫ്റ്റ് (Suzuki Swift). ഈ ഹാച്ച്ബാക്കിന്റെ പുതിയ മോഡൽ ആഗോള തലത്തിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സുസുക്കി. ഒക്ടോബറിൽ നടക്കുന്ന ഈ വർഷത്തെ ജാപ്പനീസ് മൊബിലിറ്റി ഷോയിൽ 2024 മോഡൽ സുസുക്കി സ്വിഫ്റ്റ് അവതരിപ്പിക്കുമെന്ന് സുസുക്കി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന സുസുക്കി സ്വിഫ്റ്റിന്റെ ചില ചിത്രങ്ങളും കമ്പനി പുറത്ത് വിട്ടിട്ടുണ്ട്. ഡിസൈനിൽ വലിയ മാറ്റങ്ങളോടെയാണ് ഈ വാഹനം വരുന്നത്.
പുറത്ത് വന്ന 2024 മോഡൽ മാരുതി സുസുക്കി സ്വിഫ്റ്റിന്റെ ചിത്രങ്ങളിൽ നിന്നും സ്വിഫ്റ്റിന്റെ ഫ്രണ്ട്, റിയർ എക്സ്റ്റീരിയർ ഡിസൈൻ എന്നിവ വ്യക്തമാകുന്നു. ഹാച്ച്ബാക്കിന്റെ പുതിയ ഇന്റീരിയർ ഡിസൈനും ഇതിലൂടെ വ്യക്തമാണ്. ഈ വർഷം ഒക്ടോബർ 28 മുതൽ നവംബർ 5 വരെ നടക്കുന്ന 2023 ടോക്കിയോ മോട്ടോർ ഷോയിൽ പുതിയ സ്വിഫ്റ്റ് പ്രദർശിപ്പിക്കും. ഡിസൈൻ പുതുക്കുന്നതിനൊപ്പം മൈലേജ് മെച്ചപ്പെടുത്താനും കമ്പനിക്ക് സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. സുസുക്കി സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ എക്സ്റ്റീരിയർ ഡിസൈനിൽ വലിയ മാറ്റം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. മുൻവശത്ത് ഒരു പുതിയ ഫാസിയ തന്നെ അവതരിപ്പിക്കും. മുൻവശത്തെ ഗ്രില്ലിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടായിരിക്കില്ല. പുതിയ പാറ്റേണുകളുള്ള തിളക്കമുള്ളതും കറുപ്പ് നിറവും ചേർന്ന ഗ്രില്ലായിരിക്കം ഇത്. മുകളിൽ റഡാർ സെൻസറുകൾക്കായി വിടവുള്ള ബെസലും വാഹനത്തിൽ ഉണ്ടായിരിക്കും. ADASന് വേണ്ടിയുള്ള ഈ സെൻസറുകൾ ഇന്ത്യയിൽ വരുമോ ഇല്ലയോ എന്ന് വ്യക്തമല്ല.
പുതിയ സ്വിഫ്റ്റിന്റെ ഹെഡ്‌ലൈറ്റുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഓൾ എൽഇഡി യൂണിറ്റുകളും സ്‌ലീക്കർ-ലുക്ക് എൽഇഡി ഡിആർഎല്ലുകളുമാണ് പുതിയ മോഡലിൽ നൽകിയിട്ടുള്ളത്. മുൻവശത്തെ ബമ്പർ ഡിസൈനും പൂർണ്ണമായി റീഡിസൈൻ ചെയ്തിട്ടുണ്ട്. കൂടുതൽ സ്പോർട്ടിയർ ഡിസൈനാണ് 2024 മോഡൽ സ്വിഫ്റ്റിൽ കമ്പനി നൽകിയിട്ടുള്ളത്. കൂടുതൽ ഷാർപ്പ് ആയ ഫോഗ് ലാമ്പ് ഹൗസുകളും കാറിലുണ്ട്. ബമ്പറിന്റെ താഴത്തെ ഭാഗവും കമ്പനി മാറ്റിയിട്ടുണ്ട്. ഇതിൽ ഇപ്പോൾ ഒരു സിൽവർ എലമെന്റ് നൽകിയിരിക്കുന്നു.ഫാസിയക്ക് പുറമെ പുതിയ സ്വിഫ്റ്റിന്റെ ബോണറ്റിലും കമ്പനി മാറ്റം വരുത്തിയിട്ടുണ്ട്. ഹാച്ച്ബാക്കിന്റെ സൈഡ് പ്രൊഫൈലിലേക്ക് നോക്കിയാൽ മുൻവശം മുതൽ പിൻഭാഗം വരെ സൈഡ് പ്രൊഫൈലിലുടനീളമുള്ള പുതിയ ഷോൾഡർ ലൈൻ കാണാം. മെഷീൻഡ് അലോയ് വീലുകളുടെ ഒരു പുതിയ സെറ്റും സൈഡ് പ്രൊഫൈലിൽ കാണാം. നിലവിലുള്ള പിൻ ഡോറിന്റെ ഹാൻഡിൽ ഡിസൈൻ ഒഴിവാക്കി മുൻവശത്തും പിൻവശത്തും ഡോറുകൾക്ക് പഴയ രീതിയിലുള്ള ഡോർ ഹാൻഡിലുകൾ തന്നെയാണ് കമ്പനി നൽകിയിട്ടുള്ളത്.