തിരുവനന്തപുരം : മാധ്യപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ അപകടമരണവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തില്‍ നിര്‍ണായകമായ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചത് മൂലമാണ് ലോറി കണ്ടെത്താനായത്. കസ്റ്റഡിയില്‍ എടുത്ത ജോയി ഈ റൂട്ടിലെ പതിവ് ഡ്രൈവറാണെന്ന് ഡിസിപി ഡോ. ദിവ്യ ഗോപിനാഥ് അറിയിച്ചു. വട്ടിയൂര്‍ക്കാവ് മേഖലയില്‍ നിന്ന് എംസാന്‍ഡ് എടുത്ത് വെള്ളായണിയിലേക്ക് പോകും വഴിയാണ് പ്രദീപിന്റെ ബൈക്ക് ഇടിച്ചിട്ടത്.
ക്യാമറ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് കുറച്ച് കാര്യങ്ങളില്‍ക്കൂടി വ്യക്തത വരുത്താനുണ്ടെന്നും ഇതിനായി ശാസ്ത്രീയ പരിശോധനകള്‍ ആവശ്യമാണെന്നും ഡോ.ദിവ്യ.ഗോപിനാഥ് അറിയിച്ചു. സ്‌കൂട്ടറിന് മുകളിലൂടെ ടിപ്പര്‍ കയറി ഇറങ്ങിയതിനാല്‍ അപകടത്തെക്കുറിച്ച് ഡ്രൈവര്‍ കൃത്യമായി അറിഞ്ഞിരിക്കാം.
സംഭവസ്ഥലത്ത് നിര്‍ത്താതിരുന്നത് ഭയന്നിട്ടാണ് എന്നാണ് പ്രാഥമിക ചോദ്യം ചെയ്യലില്‍ ഡ്രൈവര്‍ ജോയി മൊഴി നല്‍കിയിരിക്കുന്നത്. അപകടം നടന്ന സ്ഥലത്തും രണ്ടുവാഹനങ്ങളിലുമായി നടത്തുന്ന ഫോറന്‍സിക് പരിശോധനയിലൂടെ അപകടമരണമാണോ കൊലപാതകമാണോ എന്ന് ഉറപ്പിക്കാനാവും. ഈ വഴിക്കുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. ഡ്രൈവര്‍ അപകടം അറിയാതിരുന്നിട്ടില്ല എന്ന് വ്യക്തമായിക്കഴിഞ്ഞു. അപകടം നടന്നത് താന്‍ അറിഞ്ഞു എന്നാണ് ഡ്രൈവറുടെ മൊഴി.
എന്നാല്‍ അതെ സമയം ലോറിയില്‍ ഉണ്ടായിരുന്ന ലോറി ഉടമ മോഹനന്‍ സംഭവം അറിഞ്ഞിട്ടില്ലെന്നാണ് മൊഴി. ഇതാണ് ദുരൂഹത ഉളവാക്കുന്നത്. ഫോര്‍ട്ട് എ സി പ്രതാപന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജോയിയെ കസ്റ്റഡിയിലെടുത്തത്. ഈഞ്ചയ്ക്കല്‍ വെച്ച് പിടികൂടിയ ജോയിയെ ഇപ്പോള്‍ നേമം പോലീസ് സ്റ്റേഷനില്‍ എത്തിച്ചിരിക്കുകയാണ്. അപകടം നടന്ന സമയത്ത് മണ്ണുമായി വെള്ളായണി ഭാഗത്തേക്ക് പോവുകയായിരുന്നു ജോയി. അവിടെ മണ്ണിറക്കിയ ശേഷം വിവരം അറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് ഇയാളെ പിടികൂടിയത്.
ഡ്രൈവര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എം സാന്‍ഡ് ഇറക്കിയശേഷം അപകടം നടന്ന സ്ഥലം ഒഴിവാക്കി മറ്റൊരു വഴിയിലൂടെയാണ് പേരൂര്‍ക്കടയിലേക്കു പോയത്. ലോറി നമ്പര്‍ വ്യക്തമല്ലെന്നു മാധ്യമങ്ങളിലൂടെ അറിഞ്ഞശേഷമാണ് രാവിലെ ലോറി വീണ്ടും എടുത്തത്. ഈ ലോറി ഈഞ്ചക്കലിലൂടെ പോകുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ലോറിയെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തത്. പ്രദീപിന്റെ ബൈക്കില്‍ ചെറുതായി മാത്രമേ ലോറി തട്ടിയിട്ടുള്ളൂ. സ്‌കൂട്ടറിന് പ്രശ്നമൊന്നും ഉണ്ടായിട്ടില്ല.
പ്രതിപക്ഷവും ബന്ധുക്കളും ദുരൂഹതയുണ്ടെന്ന സംശയം പ്രകടിപ്പിച്ചിരിക്കുന്നതിനാല്‍ പോലീസ് വിശദമായ അന്വേഷണമാണ് നടത്തുന്നത്. പ്രദീപിന് നിരവധി ഭീഷണി സന്ദേശങ്ങള്‍ ലഭിക്കാറുണ്ടായിരുന്നുവെന്നും വിദേശത്ത് നിന്നും ഭീഷണികള്‍ ഫോണിലൂടെയും മറ്റും വന്നിരുന്നുവെന്ന് കുടുംബം പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.