കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയെ നിര്‍ബന്ധിച്ച് മുഖ്യമന്ത്രിയുടെ പേര് പറയിപ്പിക്കാന്‍ ഇഡി ശ്രമിച്ചെന്ന സിപിഒ സിജി വിജയന്റെ മൊഴി പുറത്തുവന്നതിന് പിന്നാലെ മറ്റൊരു പോലീസ് ഉദ്യോഗസ്ഥയുടെ മൊഴിയും പരസ്യമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി സ്വപ്ന സുരേഷിനോട് പറഞ്ഞെന്നാണ് വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയുടെ പേരു പറഞ്ഞാല്‍ സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന് ഇ ഡി വാഗ്ദാനം നല്‍കിയതായി മൊഴിയിലുണ്ട്.
ഇഡി സ്വപ്നയോട് പറഞ്ഞതായി മൊഴിയിലുള്ളത്
” ലോക്കറിലെ തുക ശിവശങ്കര്‍ തന്നതാണെന്ന് പറയണം. ആ തുക മുഖ്യമന്ത്രി ശിവശങ്കറിന് നല്‍കിയതാണെന്നും പറയണം. ഇങ്ങനെ പറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാം.”
ഓഗസ്റ്റ് 13 ന് രാത്രിയിലെ ചോദ്യം ചെയ്യലിലാണ് ഇങ്ങനെ പറഞ്ഞത്. ഇ ഡി, ഡിവൈഎസ്‌പി രാധാകൃഷ്ണനാണ് ഈ വാഗ്ദാനം നല്‍കിയത്. പലപ്പോഴും പുലര്‍ച്ചെ നാലുമണി വരെ ചോദ്യം ചെയ്തെന്നും സ്വപ്നയുടെ എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ റെജിമോള്‍ മൊഴി നല്‍കി. സ്വപ്നയുടെ ശബ്ദരേഖാ കേസ് അന്വേഷിക്കുന്ന സംഘത്തിനാണ് മൊഴി നല്‍കിയത്.
നേരത്തെ സ്വപ്നാ സുരേഷ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലായിരിക്കെ അവരുടെ സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ സി.പി.ഒ. സിജി വിജയന്‍ നല്‍കിയ മൊഴി കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സ്വപ്നയുടേതെന്ന പേരില്‍ പ്രചരിച്ച ശബ്ദരേഖ സംബന്ധിച്ച അന്വേഷണത്തിനിടെയാണ് ഉദ്യോഗസ്ഥ മൊഴി നല്‍കിയിരുന്നത്. ഇത് വകുപ്പുതല അന്വേഷണവുമാണ്.
ഇ.ഡി. ഉദ്യോഗസ്ഥരുടെ സ്വപ്നയോടുള്ള ചോദ്യങ്ങളില്‍ കൂടുതലും നിര്‍ബന്ധിച്ച് മുഖ്യമന്ത്രിയുടെ പേര് പറയിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നുവെന്ന് സിജിയുടെ മൊഴിയിലുണ്ട്. ഇനിയൊരു ഉന്നതനെ ഇവിടെകൊണ്ടിരുത്തുമെന്ന് സ്വപ്നയോട് ഉദ്യോഗസ്ഥര്‍ പറയുന്നതു കേട്ടിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് ഇടയ്ക്കിടെ ഫോണ്‍കോള്‍ വരാറുണ്ട്. അവര്‍ ഹിന്ദിയില്‍ സംസാരിക്കാറുമുണ്ടായിരുന്നു. രാധാകൃഷ്ണന്‍ എന്ന ഉദ്യോഗസ്ഥനാണ് ഇത്തരത്തില്‍ സമ്മര്‍ദം ചെലുത്തി ചോദ്യംചെയ്തിരുന്നത്. ഹിന്ദിയും ഇംഗ്ലീഷും അറിയുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ പറയുന്നതൊക്കെ തനിക്ക് മനസ്സിലായിരുന്നുവെന്നും ഉദ്യോഗസ്ഥ മൊഴിയില്‍ വ്യക്തമാക്കുന്നു.
സ്വപ്നയുടേതെന്ന പേരില്‍ പുറത്തുവന്ന ശബ്ദരേഖയിലുള്ളത് അവരുടെ ശബ്ദമാണെന്നാണ് മനസ്സിലാകുന്നതെന്നും സിജി മൊഴിയില്‍ പറയുന്നു. ശബ്ദരേഖയിലുള്ള കാര്യങ്ങള്‍ സ്വപ്ന തന്നോടും പറഞ്ഞിട്ടുണ്ട്. ശബ്ദരേഖയിലുള്ളത് ആരാണ് റെക്കോഡ് ചെയ്തത്, എവിടെവച്ചാണ് റെക്കോഡ് ചെയ്തത് എന്നത് അറിയില്ല. താന്‍ സ്വപ്നയ്ക്ക് ഒപ്പം ചോദ്യംചെയ്യല്‍ മുറിയിലുണ്ടായിരുന്നപ്പോള്‍ ശബ്ദരേഖയില്‍ പറയുംപോലെ നിര്‍ബന്ധിച്ച് മൊഴി പറയിപ്പിക്കുന്നതും കണ്ടിട്ടുണ്ട്.
സ്വപ്നയുടെ കസ്റ്റഡി നീട്ടുന്നതിനായി ഓഗസ്റ്റ് 14-ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കസ്റ്റഡിയില്‍ പീഡിപ്പിക്കുന്നുവെന്നും ഉറങ്ങാന്‍ സമ്മതിക്കുന്നില്ലെന്നും അവര്‍ അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിച്ചിരുന്നു. ശബ്ദരേഖയില്‍ പറയുന്ന കാര്യങ്ങള്‍ സ്വപ്ന ആരോടാണ് സംസാരിച്ചതെന്ന് അറിയില്ലെന്ന് ഡിസംബര്‍ 11-ന് സിജി വിജയന്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എം. ശിവശങ്കറിനൊപ്പം യു.എ.ഇ.യില്‍ പോയി മുഖ്യമന്ത്രിക്കുവേണ്ടി ‘ഫിനാന്‍ഷ്യല്‍ നെഗോഷ്യേഷന്‍സ്’ നടത്തിയിട്ടുണ്ടെന്ന് പറയാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്ന് സ്വപ്ന പറയുന്ന തരത്തിലുള്ള ശബ്ദരേഖയായിരുന്നു പുറത്തുവന്നത്. തുടര്‍ന്ന് ശബ്ദസന്ദേശത്തിന്റെ ഉറവിടം ഉള്‍പ്പെടെ അന്വേഷിക്കണമെന്ന് ജയില്‍ മേധാവി ആവശ്യപ്പെടുകയും ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി.ജി.പി. ഉത്തരവിടുകയും ചെയ്തു. ശബ്ദരേഖ പകര്‍ത്തിയത് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന സിജിയാണെന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു.