കൊച്ചി : ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന പറഞ്ഞതനുസരിച്ചാണ് കോടതിയിൽ അറിയിച്ചതെന്ന് സ്വപ്നയുടെ അഭിഭാഷകന്റെ പ്രതികരണം. ഇക്കാര്യങ്ങളെല്ലാം കോടതിക്ക് ബോധ്യപ്പെട്ടതാണ്. ഏത് തരത്തിലുള്ള അന്വേഷണമാണ് ജയിൽ വകുപ്പ് നടത്തിയതെന്ന് വ്യക്തമല്ല ജയിൽ വകുപ്പിന്റെ അന്വേഷണത്തിന് നിയമസാധുതയുണ്ടോ എന്നത് പരിശോധിക്കണമെന്നും സ്വപ്നയുടെ അഭിഭാഷകനായ സൂരജ് ടി. ഇലഞ്ഞിക്കൽ ആവശ്യപ്പെട്ടു.
സ്വപ്നയെ ജയിലിൽ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കഴമ്പില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ജയിൽ വകുപ്പ് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തൽ. ഇക്കാര്യം വ്യക്തമാക്കി അന്വേഷണം നടത്തിയ ദക്ഷിണ മേഖല ജയിൽ ഡി.ഐ.ജി. ജയിൽ മേധാവിക്ക് റിപ്പോർട്ടും സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്വപ്നയുടെ അഭിഭാഷകൻ പ്രതികരണവുമായി രംഗത്തെത്തിയത്.
നേരത്തെ സ്വപ്നയുടെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ച അപേക്ഷയിലാണ് ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നത്. പോലീസ് ഉദ്യോഗസ്ഥരെന്ന് തോന്നിക്കുന്ന രണ്ടു പേർ ജയിലിലെത്തി ഭീഷണിപ്പെടുത്തിയെന്നായിരുന്നു അഭിഭാഷകൻ മുഖേന സ്വപ്ന കോടതിയെ അറിയിച്ചത്. എന്നാൽ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ എന്താണ് എഴുതിയതെന്ന് വായിച്ചു നോക്കിയില്ലെന്നും ഒപ്പിട്ട് നൽകുക മാത്രമാണ് ചെയ്തതെന്നും സ്വപ്ന കഴിഞ്ഞ ദിവസം ജയിൽ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.