തിരുവനന്തപുരം : സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന് സ്പേസ് പാർക്കിൽ അനധികൃത നിയമനം നൽകിയതിനെതിരേ സർക്കാരിന്റെ ധനകാര്യ പരിശോധനാവിഭാഗം നൽകിയ റിപ്പോർട്ടിൽ നടപടിയായില്ല. രണ്ടുമാസംമുമ്പ് നൽകിയ റിപ്പോർട്ട് ഇപ്പോഴും ഐ.ടി. വകുപ്പിന്റെ പരിശോധയിലാണ്.
യോഗ്യതയില്ലാത്ത സ്വപ്നയെ നിയമിച്ചതിനുപിന്നിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ചെയർമാനുമായിരുന്ന എം. ശിവശങ്കറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും നടത്തിയ ആസൂത്രിത നീക്കമെന്നായിരുന്നു ധനകാര്യ പരിശോധനാവിഭാഗം റിപ്പോർട്ടുചെയ്തത്. റിപ്പോർട്ട് ഐ.ടി. വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് നൽകിയെങ്കിലും ഇതുവരെ തുടർനടപടികൾ ഉണ്ടായില്ല.
സ്വപ്നയ്ക്ക് ശമ്പളമായി നൽകിയ 16.15 ലക്ഷം രൂപ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സ് എന്ന കൺസൾട്ടിങ് കമ്പനിയിൽനിന്ന് ഈടാക്കണമെന്നും റിപ്പോർട്ടിൽ നിർദേശിച്ചിരുന്നു. അതിന് കഴിയാതെ വന്നാൽ ശിവശങ്കർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കണം. പത്തുവർഷം ഐ.ടി. മേഖലയിൽ നടന്ന എല്ലാ നിമനങ്ങളെയുംകുറിച്ച് പരിശോധിക്കാനാണ് ധനവകുപ്പ് ധനകാര്യ പരിശോധനാ വിഭാഗത്തെ ചുമതലപ്പെടുത്തിയത്. ഒട്ടേറെ നിയമനങ്ങളിൽ ക്രമക്കേടും സ്വജനപക്ഷപാതവും കണ്ടെത്തിയിട്ടുണ്ട്. ജോബ് കൺസൾട്ടൻസികൾ വഴിയുള്ള നിയമനങ്ങളും അനധികൃതമായി നേടിയ മറ്റ് നിയമനങ്ങളും റദ്ദാക്കണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്.