കൊച്ചി : സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്നസുരേഷ് നല്‍കിയ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. സ്വപ്ന സ്വാധീനമുള്ള വ്യക്തിയാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കേസില്‍ പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും ഇഡി കോടതിയെ അറിയിച്ചു. കേസ് ഡയറിയും എന്‍ഫോഴ്സ്മെന്‍റ് കോടതിക്ക് കൈമാറി. അതേസമയം ഇന്ത്യയിലും വിദേശത്തും ഗൂഢാലോചന നടന്നുവെന്ന് സ്വപ്ന കോടതിയ്ക്ക് മുൻപാകെ സമ്മതിച്ചു. സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നും മൊഴി നല്‍കിയതായി എന്‍ഫോഴ്സ്മെന്റ് കോടതിയിൽ അറിയിച്ചു.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സ്വപ്ന ശിവശങ്കറുമൊന്നിച്ച് മൂന്നുതവണ വിദേശയാത്ര നടത്തിയെന്ന കണ്ടെത്തലും എന്‍ഫോഴ്സ്മെന്‍റ് കോടതിയെ അറിയിച്ചു. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കലിന്‍റെ പരിധിയില്‍ വരില്ല കേസെന്നും ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണത്തിനും പണത്തിനും ഉറവിടമുണ്ടെന്നുമാണ് സ്വപ്നയുടെ വാദം. ഹവാല, ബിനാമി ഇടപാടുകൾ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുമായി തനിക്ക് യാതൊരുബന്ധവും ഇല്ലെന്നാണ് സ്വപ്ന സുരേഷ് ജാമ്യ ഹര്‍ജിയിൽ വാദിച്ചത്.
ഇതുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഒരു തെളിവും ഹാജരാക്കാൻ എൻഫോഴ്സമന്റ് ഡയറക്ടറേറ്റിന് കഴിഞ്ഞിട്ടില്ല. താൻ സമ്പാദിച്ചത് നിയമപരമായാണെന്നും അനധികൃതമായി ഒരു ഇടപാടും നടത്തിയിട്ടില്ലെന്നുമാണ് സ്വപ്ന സുരേഷിന്റെ വാദം. എന്നാൽ വാദങ്ങൾ ഒക്കെയും തള്ളിക്കൊണ്ട് സ്വപ്നയ്ക്ക് ജാമ്യം നിഷേധിച്ചു കൊണ്ടാണ് ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്.