തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികൂട്ടാലായ സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ ഉപദേശകരും കുടുങ്ങും. മാധ്യമ ഉപദേശകന്‍ ജോണ്‍ ബ്രിട്ടാസ്, ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തന്‍ എന്നിവരെ ചോദ്യം ചെയ്യും.
കോവളത്ത് സര്‍ക്കാര്‍ നടത്തിയ സ്‌പേസ് കോണ്‍ക്‌ളേവിന്റെ മുഖ്യസംഘാടകയായി സ്വര്‍ണക്കടത്തില്‍ മുഖ്യകണ്ണിയായ സ്വപ്ന സുരേഷ് മാറിയതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനാണ് ദത്തനെ ചോദ്യം ചെയ്യുക. 43 വര്‍ഷം ഐഎസ്‌ആര്‍ഒയില്‍ ജോലിചെയ്ത് ശ്രീഹരിക്കോട്ടയില്‍ മുപ്പതിലധികം വിക്ഷേപണത്തിന് നേരിട്ട് നേതൃത്വം നല്‍കിയ രാജ്യത്തെ അറിയപ്പെടുന്ന ശാസ്ത്രജ്ഞനാണ് ദത്തന്‍. പത്മ പുരസ്‌ക്കാരം നല്‍കി രാജ്യം ആദരിച്ച അദ്ദേഹത്തെ മറയാക്കി ആരെങ്കിലും കള്ളത്തരം കാട്ടിയിട്ടുണ്ടോ എന്ന സംശയം ശക്തമാണ്.
ഐഎസ്‌ആര്‍ഒയുടെ സഹകരണത്തോടെ നടപ്പാക്കുന്ന സ്പെയിസ് പാര്‍ക്കില്‍ ഉന്നത പദവിയില്‍ സ്വപ്ന നിയമിതയായതിനു പിന്നിലെ യാഥാര്‍ത്ഥ്യം അറിയേണ്ടതുണ്ട്. ശാസ്ത്ര സാങ്കേതിക ഉപകരണങ്ങളുടെ ഇറക്കുമതിയുടെ മറവില്‍ വന്‍ സ്വര്‍ണക്കടത്ത് മാത്രമായിരുന്നോ ലക്ഷ്യം, അതോ അതിനുമേലെ ശാസ്ത്രജ്ഞരെ സ്വാധീനിച്ച് രഹസ്യങ്ങള്‍ ചോര്‍ത്തുകയും ഉദ്ദേശിച്ചിരുന്നോ? എന്ന് ദേശീയ അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നുണ്ട്.. യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ ഉന്നത പദവി വഹിച്ചിരുന്ന റഷീദ് ഖാമിസ് അല്‍ ഷെമിലി പരിപാടിയില്‍ അതിഥിയായി പങ്കെടുത്തതിനും വിശദീകരണം നല്‍കേണ്ടിവരും. കോണ്‍ക്ളേവില്‍ പങ്കെടുത്തതിനുള്ള ഉപഹാരം ദത്തന് സമ്മാനിച്ചത് സ്വപ്ന സുരേഷ് ആയിരുന്നു.
വി എസ് എസ് എസി ഡയറക്ടറായിരുന്ന എം സി ദത്തനെ ശാസ്ത്ര ഉപദേഷ്ടാവായി മുഖ്യമന്ത്രി നിയമിച്ചതുതന്നെ സംശയം ജനിപ്പിച്ചിരുന്നു. ശാസ്ത്ര കാര്യങ്ങളില്‍ സര്‍ക്കാരിനെ ഉപദേശിക്കാന്‍ ശാസ്ത്ര കൗണ്‍സില്‍ എന്ന സര്‍ക്കാര്‍ സ്ഥാപനം ഉള്ളപ്പോള്‍ വ്യക്തിയുടെ ഉപദേശം എന്തിന് എന്ന ചോദ്യം ഉയര്‍ന്നിരുന്നു.
യു എ ഇ ഭരണാധികാരികളുടെ കേരള സന്ദര്‍ശനവേളയിലും മുഖ്യമന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശന വേളയിലും മുഖ്യഇടനിലക്കാരനായി നിന്നത് മാധ്യമ ഉപദേശകന്‍ ജോണ്‍ ബ്രിട്ടാസ് ആയിരുന്നു. ഷാര്‍ജ സുല്‍ത്താന്‍ ഡോ ഷെയ്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മി യുമായി കൈരളി ചാനലിനുവേണ്ടി ബ്രിട്ടാസ് പ്രത്യേക അഭിമുഖവും നടത്തി. ആഗോള കുറ്റവാളിയും എസ്.എന്‍.സി ലാവലിന്‍ കേസില്‍ ആരോപിതനുമായ ദിലീപ് രാഹുലന്‍, ഷാര്‍ജ സുല്‍ത്താനൊപ്പം പരിപാടികളില്‍ പങ്കെടുത്തിരുന്നു. ലാവ്ലിന്‍ കേസില്‍ പിണറായിയെ രക്ഷിക്കാന്‍ ഇടനില നിന്നിരുന്നത് ബ്രിട്ടാസ് ആണെന്ന ആരോപണം നേരത്തെ ഉണ്ട്.
കോണ്‍സലേറ്റിന്റെ പേരില്‍ എന്ന കാര്‍ഗോ ബാഗ് വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ മുന്‍ എം പിയും ദല്‍ഹിയിലെ സംസ്ഥന സര്‍ക്കാര്‍ പ്രതിനിധിയുമായ എ സമ്പത്ത് വിളിച്ചിരുന്നു. ഇടപെടല്‍ എന്തിനാണെന്ന് സമ്പത്തിന് വിശദീകരിക്കേണ്ടിവരും. ലോക് സഭാ തെരഞ്ഞെടുപ്പില്‍ തോറ്റ സമ്പത്തിനെ കാബിനറ്റ് പദവി നല്‍കി നിയമി ചചതില്‍ ദുരുദ്ദേശമുണ്ടായിരുന്നു. ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതിയിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനായിരുന്നു എന്നാണ് പ്രധാന ആരോപണം. ദിലീപ് രാഹുലന് സ്വര്‍ണ്ണക്കടത്തില്‍ പ്രധാന പങ്കുണ്ടെന്ന് സംശയം ശക്തമായിരിക്കെ സമ്പത്തിന്റെ ഇടപെടല്‍ കൂടുതല്‍ സംശയം ജനിപ്പിക്കുന്നു.