തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് വന്‍ ബന്ധങ്ങളുടെ പേരില്‍ വിവാദം സൃഷ്ടിക്കുമ്പോള്‍ സിപിഎമ്മിന് തലവേദന സൃഷ്ടിച്ച് സ്വപ്‌നയ്ക്ക് മന്ത്രിപുത്രന്‍ നടത്തിയ വിരുന്നിന്റെ റിപ്പോര്‍ട്ടും പുറത്തുവരുന്നു. ലൈഫ് മിഷന്റെ ഇടനിലക്കാരനായി ഇയാള്‍ പ്രവര്‍ത്തിച്ചെന്നും തിരുവനന്തപുരത്തെ ആഡംബര ഹോട്ടലില്‍ സ്വപ്‌നയ്ക്ക് നല്‍കിയ ഈ വിരുന്നിന് പിന്നാലെയാണ് ഇക്കാര്യം ചെയ്തതെന്നും കേന്ദ്ര ഏജന്‍സികള്‍ ഉടന്‍ ചോദ്യം ചെയ്യും.
സ്വപ്‌നയുമൊത്തുള്ള വിരുന്നിലെ ദൃശ്യങ്ങള്‍ എന്‍ഐഎ യ്ക്ക് കിട്ടിയിട്ടുണ്ട്. 2018 ലാണ് മന്ത്രിപുത്രന്‍ സ്വപ്‌നയ്ക്ക് വിരുന്നൊരുക്കിയത്. ഇയാളുടെ യുഎഇ യിലെ വിസാക്കുരുക്ക് പരിഹരിച്ച് കൊടുത്തത് സ്വപ്‌നാ സുരേഷായിരുന്നു. വിരുന്നില്‍ മറ്റൊരു സിപിഎം നേതാവിന്റെ മകന്‍ കൂടി പങ്കാളിയായി.
ലൈഫ് മിഷന്‍ പദ്ധതിയില്‍ സ്വപ്‌നാസുരേഷിനൊപ്പം ഒരു മന്ത്രി പുത്രന്‍ കൂടി കമ്മീഷന്‍ വാങ്ങിയിട്ടുണ്ടെന്ന് ബിജെപി ഇന്നലെ ആരോപിച്ചിരുന്നു. ലൈഫ് മിഷന്‍ പദ്ധതി വഴി വടക്കാഞ്ചേരിയില്‍ ഫ്ലാറ്റുകള്‍ നിര്‍മിക്കുന്നതിനു കരാര്‍ കിട്ടാന്‍ യൂണിടെക്ക് നല്‍കിയ നാലു കോടിയിലൊരു പങ്ക് മന്ത്രി പുത്രനും ലഭിച്ചെന്ന വിവാദത്തില്‍ കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചു. തലസ്ഥാനത്തെ നക്ഷത്രഹോട്ടലില്‍ സ്വപ്‌നയ്‌ക്കൊപ്പം മന്ത്രിപുത്രന്‍ നില്‍ക്കുന്നതിന്റെ 24 ചിത്രങ്ങള്‍ സ്വപ്‌നയുടെ ലാപ്‌ടോപ്പില്‍നിന്ന് അന്വേഷണസംഘത്തിനു ലഭിച്ചതായാണു സൂചന. മന്ത്രിപുത്രന്റെ ദുബായ് യാത്രകളും പരിശോധിക്കും. കമ്മീഷന്‍ സംബന്ധിച്ച് കെട്ടിട നിര്‍മാതാക്കളായ യൂണിടെക് ഉടമകളെ വീണ്ടും ചോദ്യം ചെയ്യാനും കേന്ദ്ര ഏജന്‍സികള്‍ തീരുമാനിച്ചിട്ടുണ്ട്. മന്ത്രി പുത്രന്‍ ആരെന്ന് കണ്ടെത്താന്‍ വിശദമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടു.