പാലക്കാട് : സ്വപ്ന സുരേഷിനെ എച്ച്.ആര്‍.ഡി.എസ് സ്ത്രീശാക്തീകരണ ഉപദേശകസമിതി അധ്യക്ഷയായി തിരഞ്ഞെടുത്തതായി സംഘടന അറിയിച്ചു.എച്ച്.ആര്‍.ഡി.എസിന്‍റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ചുമതലയുള്ള ഡയറക്ടറായിരുന്ന സ്വപ്നയെ സ്ഥാനത്തുനിന്ന് പുറത്താക്കിയ സാഹചര്യത്തിലാണ് തീരുമാനം. സൗജന്യ സേവനമാണെന്നും വേതനമുണ്ടാകില്ലെന്നും സംഘടന വ്യക്തമാക്കി.
സ്വപ്നയെ എച്ച്.ആര്‍.ഡി.എസ് ചെല്ലുംചെലവും കൊടുത്ത് സംരക്ഷിക്കുകയാണെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞതിനെ പരാതിയായി കണ്ടാണ് അവരെ പുറത്താക്കിയതെന്ന് എച്ച്.ആര്‍.ഡി.എസ് സെക്രട്ടറി അജി കൃഷ്ണന്‍ വ്യക്തമാക്കുന്നു. സ്വപ്നക്ക് ജോലി നല്കിയതിന്റെ പേരില്‍ എച്ച്.ആര്‍.ഡി.എസിന് നേരെ ഭരണകൂട ഭീകരതയാണ് നടക്കുന്നത്.
സ്വപ്നയോടൊപ്പം കേസില്‍ പ്രതിയായി ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങിയ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിപ്പിച്ച് ഉന്നത പദവിയില്‍ തുടരാന്‍ അനുവദിച്ച പശ്ചാത്തലത്തിലാണ് സ്വപ്നക്ക് എച്ച്.ആര്‍.ഡി.എസ് ജോലി നല്‍കിയത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിക്ക് ജോലി നല്കിയതിന്റെ പേരില്‍ എച്ച്.ആര്‍.ഡി.എസിനെ ക്രൂശിക്കുന്ന സര്‍ക്കാര്‍ എം.ശിവശങ്കറിനെ പിരിച്ചുവിട്ട് മാതൃക കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സംഘടന പ്രസ്താവനയില്‍ പറഞ്ഞു.