തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷും നാലാം പ്രതി സന്ദീപ് നായരും കസ്റ്റഡിയിൽ. ഏഴു ദിവസങ്ങള്‍ക്ക് ശേഷമാണ് രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കേസിൽ നിര്‍ണായക വഴിത്തിരിവ് ഉണ്ടായത്. ബെംഗളൂരുവില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. നാളെ കൊച്ചിയില്‍ എത്തിക്കുമെന്നാണ് സൂചന. സ്വപ്നയ്ക്കൊപ്പം ഭര്‍ത്താവും മക്കളുമുണ്ടായിരുന്നു. ഫോണ്‍ വിളിയില്‍ നിന്നാണ് എൻഐയ്ക്കു തുമ്പു ലഭിച്ചത്. ഫോണ്‍ ചോര്‍ത്തിയാണ് എന്‍.ഐ.ഐ സ്വപ്നയെ കണ്ടെത്തിയത്. വൈകിട്ട് ഏഴു മണിയോടുകൂടിയാണ് എന്‍ഐഎയുടെ ഒരു സംഘം ബാംഗ്ലുരിലെ ഫ്‌ളാറ്റില്‍ ഒളിവില്‍ കഴിയുകയായിരുന്ന സ്വപ്‌നയെയും കുടുംബത്തെയും കസ്റ്റഡിയിലെടുത്തത്.
ഒന്നാം പ്രതി സരിത്തിനെ എൻ.ഐ.എ ചോദ്യം ചെയ്യുന്നതിനിടെയാണ് കൂട്ടാളി പിടിയിലാകുന്നത്. കൊച്ചി കസ്റ്റംസ് ഓഫിലെത്തിയാണ് പ്രാഥമിക ചോദ്യം ചെയ്യൽ. കേസിൽ കൂടുതൽ പ്രതികളുടെ വിവരങ്ങൾ സരിത്ത് വെളിപ്പെടുത്തിയതായാണ് സൂചന. മൂന്നാം പ്രതി ഫൈസൽ ഫരീദിനെ കേന്ദ്രീകരിച്ചാണ് പ്രാഥമിക അന്വേഷണം.
എൻ.ഐ.എ സംഘം ഉച്ചയ്ക്ക് ശേഷമാണ് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഓഫീസിൽ എത്തിയത്. 7 ദിവസമായി കസ്റ്റംസ് കസ്റ്റഡിയിൽ കഴിയുന്ന സരിത്തിൽ നിന്ന് പ്രാഥമിക വിവരങ്ങൾ ചോദിച്ചറിഞ്ഞു. ചോദ്യം ചെയ്യലിൽ സ്വർണക്കടത്തിൽ ഉൾപ്പെട്ട കൂടുതൽ പേരുടെ വിവരങ്ങൾ സരിത്തിൽ നിന്ന് ലഭിച്ചതായാണ് സൂചന. ഇതിൽ മുൻപും സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടവരും ഉണ്ട്.
ഇരുവരും ബെംഗലൂരുവിലേക്ക് കടന്നതായി നേരത്തെ വിവരം ലഭിച്ചിരുന്നു. ഇരുവരുടെയും അറസ്റ്റോടെ സ്വർണ്ണക്കടത്ത് കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തുവരും. കേസിൽ മുൻ കോൺസുലേറ്റ് ജീവനക്കാരായിരുന്ന സരിത്ത് കുമാർ ഒന്നാം പ്രതിയും സ്വപ്ന സുരേഷ് രണ്ടാം പ്രതിയുമാണ്. കൊച്ചി സ്വദേശി, വിദേശത്തുള്ള ഫൈസൽ ഫരീദാണ് മൂന്നാം പ്രതി. സ്വപ്നയുടെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായർ കേസിലെ നാലാം പ്രതിയാണ്.
കസ്റ്റംസിന്റെ ആവശ്യപ്രകാരം സ്വപ്നയെയും സന്ദീപിനെയും പിടികൂടാൻ കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സംഘത്തിനെ നിയോഗിച്ചിരുന്നു. പ്രത്യേകസംഘം അന്വേഷണം ആരംഭിച്ച് മണിക്കൂറുകൾക്കകമാണ് പ്രതികളെ ബെംഗലൂരുവിൽ നിന്ന് എൻഐഎ സംഘം അറസ്റ്റ് ചെയ്തത്.