തിരുവനന്തപുരം : സ്വർണ്ണക്കടത്തു കേസിലെ പ്രതി സ്വപ്നയുടെ ഇടപാടുകളും മുഖ്യമന്ത്രിയുടെ പരിപാടികളിലെ പതിവു സാന്നിധ്യവുമൊക്കെ ചൂണ്ടിക്കാട്ടി താഴെത്തട്ടിൽ നിന്ന് ഇന്റലിജൻസ് നൽകിയ റിപ്പോർട്ട് എവിടെയാണു മുങ്ങിയത്. ഇന്റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കിട്ടിയില്ലെന്ന മട്ടിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പരാമർശമാണ് പോലീസ് തലപ്പത്തു ചർച്ചയാകുന്നത്. ഇതുസംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രിയും നേരത്തേ വ്യക്തത വരുത്തിയിരുന്നില്ല.
ഫെബ്രുവരിയിൽ തന്നെ ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. കോൺസുലേറ്റ് വാഹനത്തിൽ സ്വപ്ന വരുന്നതും ഐടി വകുപ്പിന്റെ പരിപാടികളിലെ സാന്നിധ്യവുമൊക്കെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു എന്നാണു വിവരം. മാത്രമല്ല മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ സ്വപ്നയുടെ ഫ്ലാറ്റിൽ പതിവായി പോകുന്ന വിവരവും ‘ഫീൽഡിൽ’ നിന്നു ലഭിച്ചിരുന്നുവെന്നാണ് ഇന്റലിജൻസിലെ ഉയർന്ന ഓഫീസർമാർ പറയുന്നത്.
സ്വപ്ന സുരേഷ് അധികാര സ്വരത്തിൽ പോലീസുകാരോട് പെരുമാറുന്ന വിവരവും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ചടങ്ങിൽ ഔദ്യോഗികമായല്ലാതെ അടുത്തിടപഴകുന്നവരെ നിരീക്ഷിച്ച് റിപ്പോർട്ട് നൽകുന്നത് ഇന്റലിജൻസ് വിഭാഗത്തിന്റെ പതിവാണ്. ഇത്തരക്കാർ പതിവായ സാന്നിധ്യമാകുമ്പോൾ അന്വേഷിക്കാറുമുണ്ട്.
റേഞ്ചിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് റിപ്പോർട്ട് ഇന്റലിജൻസ് എഡിജിപിക്ക് സമർപ്പിക്കുക. ദിവസവും നടക്കുന്ന കൂടിക്കാഴ്ചയിൽ ഈ വിവരങ്ങൾ എഡിജിപി മുഖ്യമന്ത്രിയെ അറിയിക്കും. ഒപ്പം ഒരു കോപ്പി ഡിജിപിക്കും നൽകും. താഴെത്തട്ടിൽ നിന്ന് തയാറാക്കി വന്ന ഈ റിപ്പോർട്ടാണ് ഇപ്പോൾ കാണാതായത്.