തിരുവനന്തപുരം : സ്വപ്‌ന സുരേഷിന് നല്‍കിയ ശമ്പളം തിരികെ നല്‍കാനാവില്ലെന്ന് പിഡബ്ല്യുസി. ഇക്കാര്യം വ്യക്തമാക്കി പിഡബ്ല്യുസി സര്‍ക്കാരിന് കത്തയച്ചു. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കെ.എസ്.ഐ.ടി.ഐ.എല്ലിന്റെ ആവശ്യമാണ് കമ്പിനി തള്ളിയത്. വിഷയത്തില്‍ കെ.എസ്.കെ.ടി.ഐ.എല്‍ നിയമോപദേശം തേടി. 19,06,730 രൂപയാണ് സ്വപ്നക്ക് ശമ്പളമായി നല്‍കിയത്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാണ് സ്വപ്‌ന സുരേഷ് സ്‌പേസ് പാര്‍ക്കില്‍ ജോലി നേടിയതെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ശമ്പളം തിരികെ നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
സംസ്ഥാന സര്‍ക്കാരിന് സംഭവിച്ച നഷ്ടം തിരികെ പിടിക്കണമെന്ന ധനപരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലായിരുന്നു സര്‍ക്കാര്‍ നടപടി. കണ്‍സള്‍ട്ടന്‍സി കമ്പിനിയായ പിഡബ്ല്യുസിയാണ് സ്വപ്നയെ നിയമിച്ചതെന്നും അതിനാല്‍ സ്വപ്‌നയ്ക്ക് ശമ്പളമായി നല്‍കിയ തുക തിരികെ നല്‍കണമെന്നുമാണ് കെ.എസ്.ഐ.ടി.ഐ.എല്‍, പിഡബ്ല്യുസിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടത്.