തിരുവനന്തപുരം: സ്വപ്ന സുരേഷിന്റേത് എന്ന നിലയില്‍ പുറത്തുവന്ന ശബ്ദ സന്ദേശം സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സാധ്യത. ഇഡി അന്വേഷണം ആവശ്യപ്പെടുകയാണെങ്കില്‍ ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിക്കേണ്ടി വരുമെന്നു പോലീസ് കരുതുന്നു. എന്നാല്‍, ജയില്‍ ഡിജിപി വ്യാഴാഴ്ച നല്‍കിയ കത്തിന്മേല്‍ അന്വേഷണം വേണമോ എന്നതില്‍ പോലീസ് തീരുമാനമെടുത്തിട്ടില്ല.
അതേസമയം, അന്വേഷണം വേണമെന്ന ഇഡിയുടെ കത്ത് ജയില്‍ വകുപ്പ് ഇന്ന് പരിശോധിക്കും. കഴിഞ്ഞ ദിവസമാണ് ജയില്‍ വകുപ്പിന് കത്ത് നല്‍കിയത്. സംഭവത്തില്‍ ദക്ഷിണമേഖല ജയില്‍ ഡി.ഐ.ജി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഇ.ഡിക്ക് കൈമാറുമെന്നാണ് സൂചന. ശബ്ദരേഖയുടെ ഉറവിടത്തിലടക്കം അന്വേഷണം നടത്താന്‍ പോലീസ് മേധാവിക്ക് ശുപാര്‍ശ കൈമാറിയതും ഇ.ഡിക്ക് നല്‍കുന്ന മറുപടിയില്‍ ജയില്‍ വകുപ്പ് അറിയിച്ചേക്കും. അതേസമയം, ഇ.ഡിയുടെ കത്ത് ലഭിച്ചതായി ജയില്‍ ഡി.ജി.പി സ്ഥിരീകരിച്ചിരുന്നില്ല.
ശബ്ദ സന്ദേശത്തില്‍ പറയുന്നത് അഭിഭാഷകന്‍ തന്നോടു പറഞ്ഞ കാര്യങ്ങള്‍ എന്നാണ്. കഴിഞ്ഞ 14 ന് അട്ടക്കുളങ്ങര ജയിലിലെത്തിയ ശേഷം അഭിഭാഷകനെ കാണാനോ വിളിക്കാനോ സ്വപ്നയ്ക്ക് അനുമതി നല്‍കിയിട്ടില്ല. അഭിഭാഷകനെ കണ്ടതു മറ്റ് ഏജന്‍സികളുടെ കസ്റ്റഡിയിലോ വിയ്യൂര്‍ ജയിലിലോ കഴിയുമ്പോഴാണ്. അട്ടക്കുളങ്ങര ജയിലില്‍ നിന്നല്ല ഈ ശബ്ദസന്ദേശം പുറത്തുപോയതെന്ന് ജയില്‍ വകുപ്പ് പറയുന്നതിന് ഒരു കാരണമതാണ്.