മലപ്പുറം: പകുതി വിലയ്ക്ക് തയ്യല്‍ യന്ത്രം നല്‍കാമെന്ന് വാഗ്ദാനം നല്കി വനിത കൂട്ടായ്മകളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയയാള്‍ പിടിയില്‍. രാമനാട്ടുകരക്ക് സമീപം അഴിഞ്ഞിലം സ്വദേശി സുനില്‍കുമാറിനെയാണ് (46) മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്.
12,000 രൂപ വിലയുള്ള തയ്യല്‍ മെഷീന് 6,000 രൂപക്ക് നല്‍കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വ്യാപക തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. പണം നഷ്ടമായ 50ഓളം സ്ത്രീകള്‍ പരാതി നല്കി. വിവിധയിടങ്ങളില്‍ സഞ്ചരിച്ച് കുടുംബശ്രീ പ്രവര്‍ത്തകരെയും തയ്യല്‍ ജോലിയില്‍ ഏര്‍പ്പെട്ട സ്ത്രീകളെയും ഉള്‍പ്പെടുത്തി സൊസൈറ്റികള്‍ രൂപവത്കരിച്ചാണ് തട്ടിപ്പ്. ‘ഗാര്‍മെന്റ് സൊസൈറ്റി’ പേരിലുള്ള കൂട്ടായ്മയില്‍ 30 മുതല്‍ 50 വരെ സ്ത്രീകളാണുണ്ടാകുക. യന്ത്രം നല്‍കാമെന്നറിയിച്ച് ഓരോ വ്യക്തികളില്‍നിന്നും 6,000 രൂപ വാങ്ങും. തുടര്‍ന്ന് സൊസൈറ്റിയിലെ രണ്ടുപേര്‍ക്ക് യന്ത്രം നല്‍കും. ബാക്കിയുള്ളവര്‍ക്ക് അടുത്ത ദിവസങ്ങളില്‍ നല്‍കുമെന്ന് പറഞ്ഞ് മടങ്ങും.
പിന്നീട് ഫോണില്‍ ബന്ധപ്പെടുമ്പോള്‍ ലഭിക്കില്ല. കൂടാതെ, കൂട്ടായ്മയില്‍ അംഗങ്ങളായവര്‍ക്ക് യൂണിഫോമിനായി 1000 രൂപ വീതം വേറെയും വാങ്ങിയിട്ടുണ്ടെന്നും പരാതിക്കാര്‍ പറഞ്ഞു. ജില്ലയില്‍ ആനക്കയം, ഇരുമ്പുഴി, കൂട്ടിലങ്ങാടി, മഞ്ചേരി, മുള്ളമ്പാറ, നിലമ്പൂര്‍, താനാളൂര്‍, തിരൂര്‍ എന്നിവിടങ്ങളിലെല്ലാം ഇയാള്‍ ഇത്തരത്തില്‍ സൊസൈറ്റി രൂപവത്കരിച്ച് പണം തട്ടിയിട്ടുണ്ട്.
2019 മുതലാണ് തട്ടിപ്പുമായി രംഗത്ത് വന്നെതന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും ഇന്‍സ്പെക്ടര്‍ എ. പ്രേംജിത്ത് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്.ഐ ലത്തീഫ്, എ.എസ്.ഐ ബൈജു, സി.പി.ഒമാരായ ഹരിലാല്‍, വിനോദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.