തിരുവനന്തപുരം : കെഎസ്‌ആര്‍ടിസിയുടെ സ്വിഫ്റ്റ് ബസുകള്‍ക്ക് 110 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാമെന്ന് സര്‍ക്കുലര്‍. സംസ്ഥാനത്ത് ബസുകളുടെ വേഗപരിധി നാലുവരി പാതകളില്‍ 70 കിലോമീറ്ററും സംസ്ഥാന-ദേശീയപാതകളില്‍ 65 കിലോമീറ്ററുമായി നിജപ്പെടുത്തിയിരിക്കെയാണ് ഇത്തരമൊരു നിര്‍ദേശം. സ്വിഫ്റ്റിന്‍റെ സ്പെഷല്‍ ഓഫിസറാണ് സര്‍ക്കുലര്‍ ഇറക്കിയത്. ഗതാഗത സെക്രട്ടറി പങ്കെടുത്ത യോഗത്തിന്‍റെ തീരുമാനങ്ങള്‍ വിശദീകരിച്ചാണ് ജൂലൈയില്‍ സര്‍ക്കുലര്‍ ഇറക്കിയത്.
സ്വിഫ്റ്റ് ബസുകളുടെ സ്പീഡ് ലിമിറ്റ് 110 കിലോമീറ്ററായി വര്‍ധിപ്പിക്കാനും ഇടയ്ക്കുള്ള വിശ്രമ സമയം വര്‍ധിപ്പിക്കാനും നടപടിയെടുക്കണമെന്ന് സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. സ്വിഫ്റ്റ് ബസുകളുടെ ഷെഡ്യൂളുകള്‍ എല്ലാ യൂണിറ്റിലും ലഭ്യമാക്കി കൃത്യസമയത്ത് സര്‍വീസുകള്‍ നടത്തണം.
സര്‍വീസുകളുടെ ഷെഡ്യൂള്‍ സമയം ബസ് സ്റ്റേഷനുകളിലും ബസുകളിലും പ്രദര്‍ശിപ്പിക്കണം. ഫീഡര്‍ സ്റ്റേഷനുകളില്‍ സിഫ്റ്റ് ബൈപ്പാസ് റൈഡറുകളുടെ സമയങ്ങള്‍, കണ്‍ട്രോള്‍ റൂം വിവരങ്ങള്‍ എന്നിവ യാത്രക്കാര്‍ക്ക് കാണും വിധം പ്രദര്‍ശിപ്പിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
10 വര്‍ഷത്തേക്കുള്ള താല്‍ക്കാലിക കമ്പനിയായാണ് സിഫ്റ്റ് രൂപീകരിച്ചിരിക്കുന്നത്. എല്ലാ നിയമനങ്ങളും കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും. ദീര്‍ഘദൂര സര്‍വീസുകള്‍ സ്വിഫ്റ്റിലേക്കു മാറിയതോടെ പ്രവര്‍ത്തന ചെലവില്‍ ഗണ്യമായ കുറവ് വരുമെന്നാണ് കെഎസ്‌ആര്‍ടിസിയുടെ അധികൃതര്‍ പറയുന്നത്.