കോഴിക്കോട്: കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി വിദ്യാര്‍ത്ഥികള്‍ക്കുള്ള നീന്തല്‍ സെലക്ഷന്‍. പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ഗ്രേസ് മാര്‍ക്കിനായാണ് വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍ സെലക്ഷന്‍ നടത്തിയത്. ജില്ലാ സ്പോണ്‍സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കാവില്‍ വെച്ച് നടന്ന പരിപാടിയില്‍ അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് ഗ്രേസ് മാര്‍ക്ക് ലഭിക്കും. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഇത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴിയായിരുന്നു നല്‍കിയത്. എന്നാല്‍ ഇത്തവണ ഗ്രേസ് മാര്‍ക്ക് ഇത് സ്പോര്‍ട്സ് കൗണ്‍സില്‍ വഴി നല്‍കുന്നതാണെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നാണ് നടക്കാവ് നീന്തല്‍ കുളത്തില്‍ നീന്തല്‍ സെലക്ഷന്‍ നടത്തിയത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമാണ് നീന്തല്‍ മത്സരത്തില്‍ പങ്കെടുക്കാനെത്തിയത്.