കൊച്ചി : നീണ്ട ഒരു ഇടവേളയ്ക്കു ശേഷം എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പ്പന സംബന്ധിച്ച വിവാദങ്ങള്‍ ശക്തമാവുകയാണ്. വിവാദമായ ഭൂമി വില്പനയിലൂടെ സഭയക്ക് ഉണ്ടായ നഷ്ടം നികത്താന്‍ സഭയുടെ തന്നെ ഭൂമി വില്‍ക്കാമെന്നും വിവാദങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന നിര്‍ദ്ദേശത്തിനുമെതിരെയാണ് എറണാകുളം-അങ്കമാലി വൈദിക സമിതി പരസ്യ ഏറ്റുമുട്ടലിലേക്കു നീങ്ങുന്നത്. വത്തിക്കാന്‍ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് അതിരൂപതയിലെ വൈദികര്‍.
വത്തിക്കാന്‍ സുപ്രീം ട്രിബൂണലില്‍ അപ്പീല്‍ നല്‍കാനാണ് തീരുമാനം. 10 ദിവസത്തിനകം അപ്പീല്‍ നല്‍കിയാല്‍ ഉത്തരവ് നടപ്പാക്കുന്നത് മരവിക്കും. ഇതിനാണ് വൈദികര്‍ ഒരുങ്ങുന്നത്. അതിരൂപതയിലെ ഭൂമി വിറ്റ് നഷ്ടം നികത്താന്‍ അനുവദിക്കില്ലെന്നും കര്‍ദ്ദിനാള്‍ ആലഞ്ചേരി ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നുമാണ് വൈദികര്‍ പറയുന്നത്.
അങ്കമാലി അതിരൂപത ഫിനാന്‍സ് കമ്മിറ്റിയില്‍ ഭൂമി വില്പനയില്‍ തീരുമാനം ആയില്ല. അതിരൂപത ആലോചന സമിതിയില്‍ വത്തിക്കാന്റെ നടപടി വൈദികരെ അറിയിച്ചു. തീരുമാനം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നാണ് വൈദികരുടെ നിലപാട്.
എന്നാല്‍ വത്തിക്കാന്‍ ഉത്തരവ് നടപ്പാക്കേണ്ടി വരുമെന്ന് എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ആന്റണി കരിയില്‍ യോഗത്തില്‍ വ്യക്തമാക്കി. എതിര്‍ക്കുന്നവര്‍ക്കെതിരെ നടപടിക്കും വത്തിക്കാന്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. അതു കൊണ്ടുതന്നെ പുതിയ സംഭവവികാസങ്ങള്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ മാത്രമല്ല സിറോ മലബാര്‍ സഭയില്‍ മുഴുവനായും വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്.
സിറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ കര്‍ദിനാളിനെതിരെ വത്തിക്കാന്‍ നിയോഗിച്ച കെപിഎംജി കമ്മീഷന്‍ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തന്റെ പേരില്‍ പത്തു കോടി രൂപയുടെ ഷെയര്‍ എടുക്കാന്‍ ഭൂമി ഇടനിലക്കാരനോട് കര്‍ദിനാള്‍ ആവശ്യപ്പെട്ടതായി സഭ സാമ്പത്തിക കാര്യങ്ങളുടെ ചുമതല വഹിച്ച ഫാദര്‍ ജോഷി പുതുവയുടേതാണ് വിവാദ മൊഴി. കര്‍ദിനാള്‍ ഭൂമി ഇടപാടുകാരനുമായി സംസാരിച്ചത് കേട്ടുവെന്നാണ് അന്ന് സഭയുടെ സാമ്പത്തിക കാര്യങ്ങളുടെ ചുമതലയുള്ള ഫാദര്‍ ജോഷി പുതുവയുടെ മൊഴി. ഇക്കാര്യം സ്ഥിരീരിച്ച് മോണ്‍സിഞ്ഞോര്‍ ആയ ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുമ്പാടനും മൊഴി നല്കിയിട്ടുണ്ട്.
എന്നാല്‍ ഇടനിലക്കാരന്‍ സ്വന്തം നിലയില്‍ ദീപികയില്‍ പണം മുടക്കാനാണ് താന്‍ ആവശ്യപ്പെട്ടതെന്നാന്ന് കര്‍ദിനാളിന്റെ മൊഴി. വ്യാജരേഖ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ രേഖയിലാണ് ഈ വിശദാംശങ്ങള്‍. വത്തിക്കാന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല. സാമ്പത്തിക ലാഭം ആര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതിനിടെ ഭൂമിയിടപാട് സംബന്ധിച്ച വിവാദങ്ങള്‍ അവസാനിപ്പിക്കാനാണ് വത്തിക്കാന്റെ നിര്‍ദ്ദേശം. ഇതിനായി കോട്ടപ്പടിയിലെ സഭയുടെ ഭൂമി വിറ്റ് നഷ്ടം നികത്താന്‍ നിര്‍ദ്ദേശം നല്‍കി. ഭൂമി വില്പന നടത്താനുള്ള നടപടിയെടുക്കാന്‍ സിനഡിനും നിര്‍ദ്ദേശം നല്‍കി. വില്പന തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.