ന്യൂഡല്‍ഹി : കൊറോണ വൈറസ് ബാധയുടെ പരിശോധനാ ഫലം ഉടന്‍ നല്‍കുന്ന സെറോളജിക്കല്‍ ടെസ്റ്റ് കിറ്റുകള്‍ അമേരിക്കയ്ക്ക് മറിച്ചു നല്‍കി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് കൊറോണ നാശംവിതച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഇത്തരമൊരു ഇടപെടല്‍. ചൈനയില്‍ നിന്ന് തമിഴ്‌നാട്ടില്‍ എത്തേണ്ട ഏതാണ്ട് 50000 സെറോളജിക്കല്‍ ടെസ്റ്റ് കിറ്റുകള്‍ ഇന്ത്യയില്‍ എത്തും മുന്‍പ് അമേരിക്കയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ മറിച്ച് നല്‍കിയെന്നാണ് വിവരം.
ദേശീയ മാധ്യമങ്ങളാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഉപദ്രവകരമായ പെരുമാറ്റത്തില്‍ നിന്ന് മോദി സര്‍ക്കാര്‍ പാഠം പഠിക്കണമെന്ന് സിപിഐഎം പ്രതികരിച്ചു. അതേസമയം ഇന്ത്യയിലെ കോവിഡ് ഹോട്ട്സ് പോട്ടുകളില്‍ സെറോളജിക്കല്‍ ടെസ്റ്റ് കിറ്റുകള്‍ ലഭിച്ചിരുന്നുവെങ്കില്‍ രോഗ ബാധ ഒരു പരിധിവരെ തടയാനാകുമായിരുന്നുവെന്നും അധികൃതര്‍ പറയുന്നു. രാജ്യത്ത് സെറോളജിക്കല്‍ കിറ്റുകള്‍ക്ക് ദൗര്‍ലഭ്യം നേരിടുകയാണ്. ഇറക്കുമതിയിലൂടെ ഈ പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങളെയാണ് കേന്ദ്രം തന്നെ അട്ടിമറിച്ചിരിക്കുന്നത്.