പത്തനംതിട്ട : പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ ഉപജ്ഞാതാവായ ബല്‍വെന്ത്റായ് മേത്തയുടെ ജന്മദിനമായ ഫെബ്രുവരി 19 തദ്ദേശസ്വയംഭരണ ദിനമായി ആചരിക്കും. 19 ന് രാവിലെ 10ന് പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജില്ലാതല സെമിനാര്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ജനകീയ ആസൂത്രണത്തിന്റെ 25 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ ജില്ലാ ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ആര്‍.അജിത് കുമാറും, നവകേരളം കര്‍മ്മ പദ്ധതി എന്ന വിഷയത്തില്‍ ജില്ലാ റിസോഴ്സ് സെന്റര്‍ വൈസ് ചെയര്‍മാന്‍ എം.കെ വാസുവും സംയോജിത തദ്ദേശസ്വയംഭരണ സര്‍വീസ് എന്ന വിഷയത്തില്‍ കില ഹെല്‍പ്പ് ഡെസ്‌ക് കണ്‍സള്‍ട്ടന്റ് സി.പി സുനിലും വിഷയാവതരണം നടത്തും.
സെമിനാറുകള്‍ക്ക് ശേഷം ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തുകള്‍ക്കുളള സ്വരാജ് ട്രോഫി, മഹാത്മ പുരസ്‌കാരം, മികച്ച ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്കുളള പുരസ്‌കാരം എന്നിവ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ വിതരണം ചെയ്യും. സെമിനാറിലും പുരസ്‌കാര വിതരണ ചടങ്ങിലും പത്തനംതിട്ട മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ.റ്റി.സക്കീര്‍ ഹുസൈന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ആര്‍.തുളസീധരന്‍ പിളള, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി.എസ് മോഹനന്‍, പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ കെ.ആര്‍ സുമേഷ്, പിഎയു പ്രോജക്ട് ഡയറക്ടര്‍ എന്‍.ഹരി തുടങ്ങിയവര്‍ പങ്കെടുക്കും.